കാല് മാറി ശസ്ത്രക്രിയ: പൊലീസ് മെഡിക്കൽ ബോർഡ് രൂപീകരിക്കും

TalkToday

Calicut

Last updated on Feb 25, 2023

Posted on Feb 25, 2023

കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ കാലു മാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. ഇതു സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസിസ്റ്റന്റ് കമ്മീഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സ രേഖകളിൽ മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാൻ ഫൊറൻസിക് പരിശോധനയും നടത്തും.

പ്രാഥമിക അന്വേഷണത്തിൽ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പൊലീസ് ഡോക്ടറെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായത്. ഒരു വർഷക്കാലം ഡോ പി ബെഹിർഷാനാണ് സജ്നയുടെ പരിക്കേറ്റ ഇടത് കാല് ചികിത്സിച്ചത്. പിന്നെ എന്ത് അടിസ്ഥാനത്തിൽ, ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് വലത് കാലിന് ശസ്ത്രക്രിയ നടത്താൻ തീരുമാനമെടുത്തുവെന്നതാണ് പ്രധാനമായും മെഡിക്കൽ ബോർഡ് പരിശോധിക്കുക.

പ്രാഥമിക അന്വേഷണത്തിൽ ആരോഗ്യ വകുപ്പും ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർ അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ സംഘം അടുത്ത ദിവസം അശുപത്രി മാനേജ്മെന്‍റ്, ഡോ. ബെഹിർഷാൻ എന്നിവരെ വിളിച്ചുവരുത്തി തെളിവെടുക്കും. കാലു മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്നതിനു പിന്നാലെ, സജ്നയുടെ ചികിത്സാ രേഖകളെല്ലാം മാനേജ്മെന്‍റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ പിടിച്ചെടുത്ത സ്കാനിംഗ് റിപ്പോർട്ട് അടക്കം രേഖകൾ കണ്ണൂരിലെ ഫൊറൻസിക് ലാബിലേക്ക് പൊലീസ് അയക്കും. ചികിത്സാ രേഖകളിൽ മുൻപ് ഇടത് കാല് എന്ന് ഡോക്ടർ എഴുതിയ ഭാഗങ്ങളിലെല്ലാം വലത് കാൽ എന്ന് തിരുത്തൽ വരുത്തിയെന്നാണ് ആക്ഷേപം.

Share on