തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ബിബിസി ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളി. പ്രതികരിക്കാതെ ഒഴിഞ്ഞെങ്കിലും അനിൽ വിവാദം എകെ ആൻറണിയുടെ പ്രതിച്ഛായക്ക് പോലും മങ്ങലേൽപ്പിച്ചു.
ബിബിസി ഡോക്യുമെൻററി ഉയർത്തി ദേശീയ - സംസ്ഥാന തലത്തിൽ ബിജെപിയെ നേരിടുന്നതിനിടെയാണ് അനിൽ ആൻറണിയുടെ നിലപാട് കോൺഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയത്. അനിലിൻറെ ബിജെപി അനുകൂല ട്വീറ്റ് ദേശീയ തലത്തിൽ ചർച്ചയായതോടെ ആൻറണിയുടെ മകനാണെന്നൊന്നും നേതാക്കൾ നോക്കിയില്ല. ഇന്നലെ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് നേതാക്കൾ അനിലിനെതിരെ പരസ്യ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വരെ തള്ളിപ്പറഞ്ഞിട്ടും അനിൽ നിലപാടിൽ ഉറച്ചു നിന്നതോടെ നേതാക്കൾ കൂടുതൽ അതൃപ്തിയോടെ രംഗത്ത് വന്നു. നടപടി കൂടിയേ തീരൂവെന്ന് നേതാക്കൾ നിലപാട് ശക്തമാക്കുന്നതിനിടെയാണ് എല്ലാ സ്ഥാനങ്ങളും അനിൽ ആന്റണി രാജിവെച്ചത്.