ഭാഷാ വിവേചന നയം കേരളസംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല: മന്ത്രി.വി. ശിവൻകുട്ടി

TalkToday

Calicut

Last updated on Jan 4, 2023

Posted on Jan 4, 2023

കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനായി കേരളപ്പിറവിക്ക് മുമ്പേ തന്നെ അറബി ഭാഷാ പഠനവും അറബി അധ്യാപക സമൂഹവും നമ്മുടെ നാട്ടിൽ രൂപീകൃതമായതാണ്. മുസ്ലിം ന്യൂനപക്ഷ സമുദായത്തെ വൈജ്ഞാനിക മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് ഏറെ സഹായകരമായ ഒന്നാണ് ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച കേരളത്തിലെ അറബി ഭാഷാ പഠനം.  61 മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ അറബി കലോത്സവത്തോടനുബന്ധിച്ച് അറബിക് സെമിനാറിൽ   ഇന്ന് രാവിലെ 10  ന് മന്ത്രി വി ശിവൻ കുട്ടി ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്ന് ഒന്നാം തരം മുതൽ യൂണിവേഴ്സിറ്റി തലം വരെ മികവാർന്ന രീതിയിൽ അറബി ഭാഷാ പഠനം നടക്കുന്ന സംസ്ഥാനമാണ് കേരളം. 10 ലക്ഷത്തിലധികം വിദ്യാർത്ഥികളും പതിനായിരത്തിൽ പരം ഭാഷാ അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിൽ അറബി ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്.

നൂറു വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ അറബി അധ്യാപകരെ ഖുർആൻ ടീച്ചർ എന്നുള്ള തസ്തികയിൽ  നിയമിക്കുകയും 1967ലെ ഇ എം എസ് സർക്കാർ ഭാഷാ അധ്യാപക തസ്തിക നൽകുകയും ചെയ്തു.

അറബി പഠിക്കുന്ന വിദ്യാർത്ഥികളുടെ വൈജ്ഞാനികവും സാഹിത്യപരവും സർഗ്ഗാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കാനും ഭാഷാ സാഹിത്യവും കലകളും പ്രചരിപ്പിക്കുവാനും മറ്റുള്ളവരെ ഭാഷാപഠനത്തിലേക്ക് ആകർഷിക്കാൻ സഹായകരമാകുന്നതുമായ അറബി സാഹിത്യോത്സവം നടത്തണമെന്ന ആവശ്യം നിവേദനങ്ങളും ശുപാർശകളുമായി സർക്കാരിലേക്കും പൊതു വിദ്യാഭ്യാസ വകുപ്പിലേക്കും സമർപ്പിക്കപ്പെട്ടു.

2000 ഓഗസ്റ്റ് 21 ന് ഇ കെ നായനാർ സർക്കാരിൻറെ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2000 മുതൽ 2004 വരെയുള്ള അധ്യയന വർഷങ്ങളിൽ ഉപജില്ലകളിലും റവന്യൂജില്ലാ അടിസ്ഥാനത്തിലും അറബി സാഹിത്യോത്സവം നടക്കുകയുണ്ടായി.

2003 -2004 അധ്യയന വർഷം മുതൽ സ്കൂൾ കലോത്സവത്തിനോടൊപ്പം തന്നെ അറബി കലോത്സവം നടത്തപ്പെട്ടുവരുന്നു. അധ്യാപകരുടെ വൈജ്ഞാനിക മേഖല വികസിപ്പിക്കുവാനും ബോധനരംഗത്തെ നൂതന പ്രവണതകളും അധ്യാപന മുറകളും ഗ്രഹിക്കാനും സഹായകമാകുന്ന രീതിയിലാണ് അറബി സാഹിത്യ സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നത്.

2000 ഒക്ടോബർ 5 ന് ആലുവയിൽ വച്ചാണ് പ്രഥമ അറബി സാഹിത്യ സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. പ്രഗൽഭരായ ഭാഷാ പണ്ഡിതന്മാരെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന സെമിനാറുകൾ വൈവിധ്യമാർന്ന വൈജ്ഞാനിക വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നതിലൂടെയും ഭാഷ സാഹിത്യത്തിലും കാലിക വിഷയങ്ങളിലും ബോധവൽക്കരണത്തിന് സാധ്യമാകുന്നതിനാൽ ഏറെ പ്രസക്തമാണ്.

വൈവിധ്യങ്ങളാണ് ഇന്ത്യാ മഹാരാജ്യത്തെ സമ്പന്നമാക്കുന്നത്. വിവിധങ്ങളായ ഭാഷകളെ സ്വീകരിക്കാനും പുതിയ ഭാഷകൾക്ക് ജന്മം നൽകാനും കഴിഞ്ഞു എന്നത്  നമ്മുടെ നാടിന്റെ സൗന്ദര്യമാണ്. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ പൈതൃകം. ഭാഷകൾ കൈമാറ്റം ചെയ്ത ദർശനങ്ങളെയും സംസ്കാരങ്ങളെയും അംഗീകരിച്ച വിശാലത നമ്മുടെ രാജ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്.

വിവിധങ്ങളായ ഭാഷകൾ പഠിക്കുന്നതിനുള്ള അവസരം  നൽകുന്നത് കൊണ്ട് ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും, വിദേശ രാജ്യങ്ങളിൽ കൂടുതൽ ജോലികൾ ലഭിക്കുന്നതിനും സാധിക്കുന്നു. വിവിധങ്ങളായ ഭാഷകളിൽ തുടർ പഠനം നടത്തി വിവിധ ഭാഷകളിൽ നിന്ന് മാതൃഭാഷയിലേക്കും, മാതൃഭാഷയിൽ നിന്ന് മറ്റു ഭാഷകളിലേക്കും വിവർത്തനം നടത്തി ചരിത്രങ്ങളും, സാഹിത്യങ്ങളും, സംസ്ക്കാരങ്ങളും മനസ്സിലാക്കുന്നതിന് സാധിക്കുന്നു

അതുകൊണ്ട് ഭാഷാ  പഠനങ്ങളെ തുടർന്നും പ്രോൽസാഹിപ്പിക്കേണ്ടതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ  ചില ഭാഷകൾക്ക് മാത്രമാണ് സ്കൂൾതലത്തിൽ  പ്രാമുഖ്യം നൽകുന്നത്. അത് വിവേചനപരമാണ്. ഒരു ഭാഷയും ഒന്നിനും മേലെയുമല്ല, കീഴിലുമല്ല. അത് ആശയസംവേദത്തിനുള്ളതാണ്.

ഭാഷാ വിവേചന നയം കേരളസംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച് കേരളത്തിലെ വിദ്യാർത്ഥികളുടെയും  ഭാഷാദ്ധ്യാപകരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും ആശങ്കകൾ മനസ്സിലാക്കി  ഭാഷാ പഠനം നിലനിർത്തുന്നതിനും പഠന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും  സംസ്ഥാന സർക്കാർ പാഠ്യ  പദ്ധതി പരിഷ്കരണത്തിൽ ഉൾപ്പെടെ ഭാഷാ പഠന പ്രോത്സാഹന നടപടികൾ സ്വീകരിച്ചു വരികയാണ്.


Share on

Tags