കോഴിക്കോട്: കുറ്റ്യാടിയുടെ സ്വപ്ന പദ്ധതിയായ മണിമലയിലെ നാളികേര പാർക്കിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. കുറ്റ്യാടി നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ സമ്പദ്ഘടനയിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നും,നാളീകേര അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങയ്ക്ക് ഡിമാൻഡ് വർദ്ധിപ്പിക്കുകയാണ് നാളികേര പാർക്കിലൂടെ ലക്ഷ്യമിടുന്നത് എന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

2008 ൽ വിഎസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്താണ് മണിമലയിൽ കോക്കനട്ട് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. 2007- 2008 കാലഘട്ടത്തിൽ നാളികേരത്തിന് വലിയതോതിൽ വിലയിടവ് സംഭവിച്ച സാഹചര്യമുണ്ടായിരുന്നു. തുടർന്ന് കമ്പനി രൂപീകരിക്കുകയും,മണിമലയിലെ 116 ഏക്കർ ഭൂമി ഏറ്റെടുക്കുകയുമുണ്ടായി.
എന്നാൽ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി നാളികേര പാർക്കുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവർത്തനവും അവിടെ നടത്താൻ സാധിച്ചിട്ടുണ്ടായിരുന്നില്ല .കാടുപിടിച്ച് കാട്ടുമൃഗ ശല്യം കാരണം കൃഷിക്കാരും പ്രദേശവാസികളും വളരെയധികം പ്രയാസപ്പെടുന്നുണ്ട് എന്ന വിവരം നിരന്തരമായി ലഭിക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയതാണ്. ഇതിൻറെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ സബ്മിഷനായി വിഷയം ഉന്നയിക്കുകയുണ്ടായി.

സമയബന്ധിതമായി നാളികേര പാർക്കിന്റെ പ്രവർത്തന നിർമ്മാണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ സബ്മിഷന് മറുപടി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് കാടുവെട്ടി തെളിച്ച് സർവ്വേ നടത്തുകയും, തുടർ പ്രവർത്തി നടത്താൻ Kitco യെ ഏൽപ്പിച്ചിരിക്കുകയുമാണ്.ചുറ്റുമതിൽ ,കവാടം, മറ്റ് അനുബന്ധ പ്രവർത്തികൾ എന്നിവയുടെ ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്.
കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ മാരായ കെ.കെ.ലതിക , ശ്രീ പാറക്കൽ അബ്ദുല്ല ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ,കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി , വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ
എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ,ശ്രീ എസ്.ഹരികിഷോർ ഐ.എ.എസ് എന്നിവർ ചടങ്ങിൽ ചടങ്ങിൽ സംസാരിച്ചു.
നാളികേര അനുബന്ധ ഭക്ഷ്യസംസ്കരണ - വ്യാവസായിക മേഖലയിൽ വലിയ ഒരു കുതിച്ചുചാട്ടം തന്നെയായിരിക്കും മണിമലയിലെ നാളിക പാർക്ക് ആരംഭിക്കുന്നതോടുകൂടി ഉണ്ടാവുക.