കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളാക്കുന്നു

TalkToday

Calicut

Last updated on Nov 24, 2022

Posted on Nov 24, 2022

കോഴിക്കോട്: നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളാക്കുന്ന പ്രവര്‍ത്തനത്തിന് വാര്‍ഡ് 14 ല്‍ തുടക്കമായി.

തീരദേശ വാര്‍ഡുകളില്‍ നടപ്പാക്കുന്ന 'എന്റെ തീരം ഹരിത തീരം' പദ്ധതിയുടെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പ്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അടുത്തയാഴ്ച ചേരുന്ന കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങളില്‍ ഹരിത അയല്‍ക്കൂട്ട പ്രവര്‍ത്തനം അജണ്ടയായി ചര്‍ച്ച ചെയ്യും. ഓരോ അയല്‍ക്കൂട്ടത്തിലെയും എത്ര അംഗങ്ങളുടെ വീടുകളില്‍ ജൈവ മാലിന്യ സംസ്കരണ ഉപാധി സ്ഥാപിച്ചിട്ടുണ്ടെന്നും, എത്ര വീടുകള്‍ അജൈവ മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കി കൈമാറുന്നുവെന്നും പരിശോധിക്കും. അതോടൊപ്പം വീടുകളിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കൃഷി, മൃഗപരിപാലനം, ഹരിതചട്ടപാലനം എന്നിവ കൂടി പരിശോധിക്കും. ജൈവ മാലിന്യ ഉപാധികള്‍ വെച്ചിട്ടില്ലാത്ത വീടുകളില്‍ അവ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കും.


പദ്ധതിയുടെ ഭാഗമായി പരിശോധന പൂര്‍ത്തിയാക്കി ആദ്യ ഹരിതഅയല്‍ക്കൂട്ടമായി പ്രഖ്യാപിക്കുന്ന അയല്‍ക്കൂട്ടത്തിന് പുരസ്കാരം നല്‍കും. തീരദേശ വാര്‍ഡുകളെ സമ്ബൂര്‍ണ മാലിന്യമുക്ത വാര്‍ഡാക്കുകയാണ് ഹരിതഅയല്‍ക്കൂട്ടം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.


Share on

Tags