ഇരിട്ടി: ഏറെനാളത്തെ മുറവിളിക്കുശേഷം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സ ആരംഭിക്കാത്തത് ആദിവാസികളടക്കം നൂറുകണക്കിന് മലയോര വാസികളെ ദുരിതത്തിലാക്കുന്നു.
എന്‍.എച്ച്.എം ഫണ്ടായി 3.19 കോടി ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ മാതൃശിശു വാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്ബാണ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത്.
ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ അനുവദിച്ചുകിട്ടിയ ഗൈനക്കോളജി തസ്തിക പോലും നിലനിര്‍ത്താനുമാകുന്നില്ല. രണ്ട് ഡോക്ടര്‍മാരും അവധിയില്‍ പ്രവേശിച്ചതോടെ ഫലത്തില്‍ ഗൈനക്കോളജി വിഭാഗം തന്നെ ഇല്ലാതായി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി മാതൃശിശു വാര്‍ഡിനായി ആദ്യം പണിത കെട്ടിടം ആശുപത്രിയുടെ ഒ.പിയായും ഫാര്‍മസിയായും ഡയാലിസിസ് സെന്ററുമാക്കി മാറ്റി.
ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയാണ് മാതൃ ശിശു വാര്‍ഡാക്കി മാറ്റിയത്. ഉദ്ഘാടന സമയത്തെ വാഗ്ദാനം ഒരാഴ്ചക്കുള്ളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും സ്റ്റാഫുകളെയും നിയമിക്കുമെന്നും മേഖലയിലെ മികച്ച ഗൈനക്കോളജി വിഭാഗമായി താലൂക്ക് ആശുപത്രി വികസിക്കുമെന്നുമായിരുന്നു.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേത് ഉള്‍പ്പെടെ പാവപ്പെട്ട നിരവധി പേര്‍ പ്രസവ ചികിത്സക്കും മറ്റുമായി സ്വകാര്യ ആശുപത്രികളെയും കിലോമീറ്ററുകള്‍ അകലെയുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാക്കിയ പ്രസവമുറി, ഓപറേഷന്‍ മുറി, തീവ്ര പരിചരണ യൂനിറ്റ്, നവജാത ശിശു ഐ. സി. യു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വാര്‍ഡുകള്‍, ഇതിലെ ഉപകരണങ്ങള്‍ എന്നിവയെല്ലാം നശിക്കുകയാണ്.