ബംഗളൂരു: കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ രത്തിഹള്ളിയില്‍ മുസ്ലിം പള്ളിക്കും വീടുകള്‍ക്കും നേരെ കല്ലേറ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഹിന്ദുത്വ സംഘടനയുടേയും കുറുബ സമുദായത്തിന്‍റെയും പ്രകടനത്തിനിടെയാണ് സംഭവം.
പൊലീസ് 15 ഹിന്ദുത്വപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
ഹിന്ദുത്വപ്രവര്‍ത്തകര്‍ കര്‍ണാടക വിപ്ലവനേതാവ് സങ്കൊള്ളി രായണ്ണയുടെ പ്രതിമയേന്തി ബൈക്ക് റാലിയും പ്രകടനവും നടത്തുകയായിരുന്നു. പ്രകടനം മുസ്‍ലിംകള്‍ താമസിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് ചിലര്‍ കല്ലെറിഞ്ഞത്. മുസ്ലിംകളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും പ്രദേശത്തെ ഉര്‍ദു സ്കൂളിന് നേരെ കല്ലെറിയുകയും ചെയ്തു.
പേടിച്ചരണ്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ പുറത്തേക്കോടുകയും റോഡരികിലിരുന്ന് സഹായം അപേക്ഷിച്ച് കരയുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമികള്‍ ഒരു ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു. സംഭവം മേഖലയില്‍ സാമുദായിക സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബൈക്ക് റാലി സമാധാനപരമായിരുന്നുവെന്നും എന്നാല്‍, പള്ളിക്ക് അടുത്തെത്തിയപ്പോള്‍ ചിലര്‍ കല്ലെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മാര്‍ച്ച് ഒമ്ബതിന് സമാനമായ റാലി നടത്തുന്നത് മുസ്ലിം വിഭാഗത്തില്‍പെട്ട ചിലര്‍ തടഞ്ഞിരുന്നുവെന്നും ഇതാണ് പുതിയ സംഭവത്തിന് പിന്നിലെന്നും ഹാവേരി ജില്ല പൊലീസ് മേധാവി ശിവകുമാര്‍ പറഞ്ഞു. നിലവില്‍ മേഖലയില്‍ സമാധാന അന്തരീക്ഷമാണ്.എന്നാല്‍, സങ്കൊള്ളി രായണ്ണ റാലിക്ക് നേരെ മുമ്ബ് കല്ലേറുണ്ടായത് തെറ്റാണെന്നും ചൊവ്വാഴ്ച പള്ളിക്ക് നേരെ കല്ലേറ് നടന്ന സംഭവത്തെ പറ്റി തനിക്ക് അറിയില്ലെന്നും സംസ്ഥാന കൃഷിമന്ത്രി ബി.സി. പാട്ടീല്‍ പറഞ്ഞു. ആക്രമികളെ ശിക്ഷിക്കണമെന്നും പൊലീസ് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു.