ബംഗളൂരു: കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് എത്തും.
ബെല്‍ഗാവിയില്‍ നിന്ന് മെഗാ യുവക്രാന്തി റാലിയോടെയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക.
അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അഞ്ച് വഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്ബാകെ ജനുവരിയില്‍ കോണ്‍ഗ്രസ് കര്‍ണാടക യൂനിറ്റ് മുന്നോട്ടുവെച്ചിരുന്നു. അതില്‍ നാലാമത്തെ വാഗ്ദാനം രാഹുല്‍ ഇന്ന് യുവ ക്രാന്തി റാലിയില്‍ പ്രഖ്യാപിക്കും.
എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കും, വനിത ഗൃഹനാഥയായുള്ള കുടുംബങ്ങള്‍ക്ക് മാസം 2000 രൂപ ധനസഹായം, ബി.പി.എല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 10 കിലോ സൗജന്യ അരി എന്നിവയാണ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞ മൂന്ന് വാഗ്ദാനങ്ങള്‍.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ട് ബെല്‍ഗാവിയില്‍ നടപ്പാക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം തുമകുരുവിലേക്ക് പോകും. അവിടെയും റാലിയില്‍ പങ്കെടുക്കും.
ബെല്‍ഗാവിയില്‍ 18 നിയമസഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഇവിടെ 13 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. ഈമേഖലയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്നതിനാലാണ് പ്രചാരണ പരിപാടികള്‍ക്ക് ഇവിടെ തുടക്കം കുറിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മെയിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. 224 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.