കോഴിക്കോട് അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥിക്ക് പരിക്ക്, പൊലീസ് കേസെടുത്തു

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

കോഴിക്കോട്: അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ  മർദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.

ക്ലാസിൽ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മർദ്ദനം. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീൻ. വരാന്തയിൽ കൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ഷോൾഡർ ഭാഗത്തേറ്റ നിരന്തര മർദ്ദനത്തെ തുടർന്ന് പേശികളിൽ ചതവുണ്ടായി. കുട്ടിക്ക് കൈയിൽ പൊട്ടലില്ലെന്നാണ് വിവരം. ബുധനാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ മാഹീന് പുലർച്ചയോടെ വേദന കൂടി.

രാത്രി ഒരു മണിയോടെയാണ് മാഹിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂളിൽ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകർ, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.


Share on

Tags