വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 28, 29, 30 തീയതികളിൽ സാംസ്കാരിക പരിപാടികൾ നടക്കും. വൈകുന്നേരം 4 മണി മുതൽ ലിങ്ക് റോഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടക്കുക. 28ന് കേരള സംഗീത നാടക അക്കാദമി അംഗം വി.ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.
'കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം' എന്ന വിഷയത്തിൽ കെ വി സജയ് നേതൃത്വം നൽകുന്ന സംവാദം നടക്കും. എംസി വടകര. ഡോ. കെ എം ഭരതൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മധുരഗീതങ്ങൾ സംഗീത സദസ്സും പിന്നീട് ആക്ട് കോഴിക്കോട് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. 29ന് നാലുമണിക്ക് സംഗീത സദസ്സ്, തുടർന്ന് കെ ജയ പ്രസാദ് നടത്തുന്ന ലഹരി വിരുദ്ധ പ്രഭാഷണം, പിന്നീട് രാജീവ് മേമുണ്ടയുടെ മാജിക് ഷോയും നടക്കും. 30ന് 'വിദ്യാഭ്യാസം ആധുനിക സമീപനം' എന്ന വിഷയത്തിൽ കെ കെ ശിവദാസൻ പ്രഭാഷണം നടത്തും.
തുടർന്ന് കലാപരിപാടികളും നടക്കും. സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ ചേർന്ന് സാംസ്കാരിക സമിതി യോഗത്തിൽ ചെയർമാൻ പി കെ സതീശൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി കെ കൃഷ്ണദാസ്, ഡോ. ശശികുമാർ പുറമേരി. മണലിൽ മോഹനൻ, വടയക്കണ്ടി നാരായണൻ, അനിൽ ആയഞ്ചേരി, സോമ ശേഖരൻ, സി വത്സകുമാർ തുടങ്ങിയവർ സംസാരിച്ചു.