കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി പിടിയില്‍.
ആശുപത്രിയിലെ അറ്റന്‍ഡറായ വില്യാപ്പളളി സ്വദേശി മയ്യന്നൂര്‍ ശശീന്ദ്രന്‍ (55) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെച്ചാണ് സംഭവം.
സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശെന്‍റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.