കഴിഞ്ഞ അഞ്ച് വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത് ഇന്ത്യ

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യമായി ഇന്ത്യ. 2013-17 കാലയളവില്‍ ആയുധ ഇറക്കുമതിയില്‍ 11 ശതമാനം കുറവുണ്ടായിരുന്നു.

എന്നാല്‍, 2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തത് ഇന്ത്യയാണ്. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2013-17ലും 2018-2022ലും റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാര്‍. എന്നാല്‍, റഷ്യയുടെ ആ‍യുധ ഇറക്കുമതി അളവ് 2018-2022 കാലയളവില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 64 ശതമാനത്തില്‍നിന്ന് 45 ശതമാനമായാണ് റഷ്യയില്‍നിന്ന് ഇന്ത്യ ആയുധം വാങ്ങുന്നത് കുറഞ്ഞത്. റഷ്യ കഴിഞ്ഞാല്‍ ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത്, 29 ശതമാനം. 11 ശതമാനം വാങ്ങലുകള്‍ അമേരിക്കയില്‍നിന്നുമാണ്.

ഈ രാജ്യങ്ങളില്‍നിന്നല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഇസ്രായേല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയതെന്നാണ് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Share on

Tags