വടകര: ക്യൂൻസ് റോഡിലേക്കുള്ള വഴിയിലെ അഴുക്കുചാലിൻ്റെ സ്ലാബ് തുറന്നു വച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തത് സംബന്ധിച്ച വിഷയത്തിൽ കെ.കെ രമ എം.എൽ.എ ഇടപെട്ടു. സ്ഥലത്തെത്തിയ എം.എൽ.എ പൊതുമരാമത്ത്, നഗരസഭ എഞ്ചിനീയർമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. നിരവധിപേർ യാത്ര ചെയ്യുന്ന സ്ഥലത്ത് നടപ്പാതയിൽ സ്ലാബിട്ട് മൂടാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. റോഡിന് കുറുകെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന അഴുക്കുചാൽ നവീകരിച്ചാൽ മാത്രമാണ് നിലവിലുള്ള പ്രശ്നം പരിഹരിക്കപ്പെടുകയുള്ളു. ക്യൂൻസ് റോഡിലെ നഗരസഭയുടെ അഴുക്കുചാൽ ഉയർന്നും, പൊതുമരാമത്തിനു കീഴിലുള്ളത് താഴ്ന്നുമാണ് കിടക്കുന്നത്. പ്രശ്ന പരിഹാരത്തിന് ഇരു വിഭാഗങ്ങളിലെയും എഞ്ചിനീയർമാരെയും ഉദ്യോഗസ്ഥരുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് എം.എൽ.എ അറിയിച്ചു. ജില്ലാ സ്കൂൾ കലോത്സവമടക്കം അടുത്തതിനാൽ നടപ്പാത ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
