ഉത്സവത്തിമിർപ്പിൽ കേരള സ്കൂൾ കലോത്സവം

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

നാലാം ദിനവും മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ. കോഴിക്കോട്ടുകാർക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിലെ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിൽ എത്തുന്നത്.

കലോത്സവത്തിന്റെ നാലാം ദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാം വേദിയായ സമൂതിരി സ്കൂളിലെ 'ഭൂമി'യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വിദ്യാർത്ഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു. സമൂതിരി സ്കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങൾക്ക് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിര കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളാണ് ഓരോ ടീമിനും മത്സര ശേഷം വേദിയിൽ നിന്ന് ലഭിച്ചത്.

വിവിധ യൂണിഫോം സേനകളും വളണ്ടിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്.  കുടിവെള്ളം നിറച്ചു വെക്കുന്ന കൂജകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വളണ്ടിയർമാർ കൃത്യമായ ജാഗ്രത പുലർത്തി. ശബ്ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ മനോഹരമാക്കി.

നാളെ (ജനുവരി ഏഴ് ) കലോത്സവത്തിന് സമാപനമാവും. അഞ്ചു നാൾ നീണ്ട കലയുടെ മാമാങ്കം കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ മികച്ച കലോത്സവങ്ങളിലൊന്നായി നിലനിൽക്കും.


Share on

Tags