തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഈ വർഷവും നിലവിലെ രീതി പിന്തുടരും. അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിയിലേക്ക് മാറും. ഈ വർഷവും പേപ്പർ -പെൻ ഒഎംആർ പരീക്ഷ തുടരാനാണ് തീരുമാനം. ഓൺലൈൻ പരീക്ഷയ്ക്കുള്ള സാങ്കേതിക്രമീകരണങ്ങൾ ഒരുക്കാൻ വൈകിയ സാഹചര്യത്തിലാണ് ഈ വർഷവും പഴയ രീതി തുടരാൻ തീരുമാനിച്ചത്.നടപടികൾ പൂർത്തിയാക്കി അടുത്ത വർഷം മുതൽ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറും. പരീക്ഷ രീതി സംബന്ധിച്ചും അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ എൻട്രൻസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്, ദേശീയതല എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു.
