സംസ്ഥാനത്തെ വിവിധ ഗതാഗത പദ്ധതികള്‍ക്കായി 2,080 കോടി രൂപ വകയിരുത്തി. റോഡ് ഗതാഗതത്തിന് 184 കോടി രൂപ നീക്കിവച്ചു. ഉൾനാടൻ ജല ഗതാഗതത്തിന് 141 കോടിയും കെഎസ്‌ആര്‍ടിസിയ്‌ക്ക് 131 കോടി രൂപയും വകയിരുത്തി. ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,144 കോടി രൂപ വകയിരുത്തിയപ്പോൾ ജില്ല റോഡുകള്‍ക്ക് 288 കോടി രൂപയാണ് 2023 സംസ്ഥാന ബജറ്റ് നീക്കിവച്ചത്.
കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി. പദ്ധതിക്ക് വേണ്ടി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2040 ഓടെ നൂറ് ശതമാനം പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.
ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.