കേരളത്തിലെ ഫുട്ബാള്‍ അക്കാദമിയില്‍ നരകയാതനയെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍

TalkToday

Calicut

Last updated on Mar 11, 2023

Posted on Mar 11, 2023

കോഴിക്കോട്: മലബാറിലെ ഒരു സ്വകാര്യ ഫുട്ബാള്‍ അക്കാദമിയില്‍ പരിശീലിക്കുന്ന മണിപ്പൂരില്‍നിന്നുള്ള കുട്ടികള്‍ക്ക് കൊടിയ പീഡനമെന്ന് പരാതി.

22 കുട്ടികളെ രക്ഷപ്പെടുത്തിയതായി മണിപ്പൂര്‍ സര്‍ക്കാര്‍. ആവശ്യമായ പോഷക ഭക്ഷണം നല്‍കാതെയും മറ്റും പീഡിപ്പിക്കുന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മണിപ്പൂരിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉന്നയിച്ചത്. ആള്‍ മണിപ്പൂര്‍ ഫുട്ബാള്‍ അസോസിയേഷന്റെ അനുമതിയോടെയാണ് കേരളത്തിലും ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഫുട്ബാള്‍ അക്കാദമികളിലേക്ക് കുട്ടികളെ അയച്ചത്.

തുടക്കം മുതല്‍ കേരളത്തിലെ അക്കാദമിയില്‍നിന്ന് പരാതികളുയര്‍ന്നിരുന്നു. പരാതി വ്യാപകമായതോടെയാണ് കുട്ടികളെ തിരിച്ചുകൊണ്ടുപോയതെന്ന് മണിപ്പൂര്‍ സാമൂഹിക സുരക്ഷ വകുപ്പ് ഡയറക്ടര്‍ എന്‍.ജി. ഉത്തം പറഞ്ഞു. അക്കാദമിയിലെത്തിയ ശേഷം പല കുട്ടികളുടെയും കളിനിലവാരം താഴ്ന്നതായും ഉത്തം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്ക് ഫുട്ബാള്‍ പരിശീലനത്തിന്റെ പേരില്‍ കുട്ടികളെ കടത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും മണിപ്പൂര്‍ ഫുട്ബാള്‍ അസോസിയേഷനും ജാഗ്രതനിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളും മലബാറിലുള്ള അക്കാദമിയില്‍ പരിശീലിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള പരിശീലകരും ഇവിടെയുണ്ട്. യു.പി ക്ലാസുകളിലടക്കം സമീപത്തെ സ്കൂളിലായിരുന്നു കുട്ടികള്‍ പഠിച്ചത്. രണ്ട് മാസമായി കുട്ടികള്‍ സ്കൂളിലെത്തിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ പേരുകള്‍ രേഖയില്‍ നിന്ന് നീക്കം ചെയ്തു. ഈ കുട്ടികളില്‍ പലരും ബംഗളുരുവിലുള്ള അക്കാദമിയില്‍ നിലവില്‍ പരിശീലനം തേടുന്നുണ്ട്. പരാതിയുയര്‍ന്നിട്ടും പുതിയ ബാച്ചിനായി വിവാദ അക്കാദമി മണിപ്പൂരില്‍ കഴിഞ്ഞ ദിവസം സെലക്ഷന്‍ ട്രയല്‍സ് നടത്തിയിരുന്നു.

ഈ അക്കാദമിക്ക് കേരള ഫുട്ബാള്‍ അസോസിയേഷനുമായി (കെ.എഫ്.എ) ബന്ധമില്ലെന്ന് ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ പറഞ്ഞു. കെ.എഫ്.എയുടെ അക്കാദമികള്‍ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് രണ്ടിലധികം കുട്ടികള്‍ക്ക് കെ.എഫ്.എ അക്കാദമികളില്‍ പ്രവേശനം നല്‍കാറില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ ഫുട്ബാള്‍ അക്കാദമിയെക്കുറിച്ച്‌ വിവരം തേടിയിരുന്നതായി അക്കാദമി സ്ഥിതിചെയ്യുന്ന ജില്ല ഫുട്ബാള്‍ അസോസിയേഷനിലെ ഭാരവാഹി പറഞ്ഞു. അസോസിയേഷനുമായി ബന്ധമില്ലെന്ന് മറുപടി നല്‍കിയതായി ഭാരവാഹി പറഞ്ഞു. വന്‍തുക ഫീസടക്കാനുള്ളതിനാല്‍ കുട്ടികളെ പുറത്താക്കിയതാണെന്ന് അക്കാദമി ഭാരവാഹി പറഞ്ഞു. പ്രായതട്ടിപ്പ് പിടികൂടിയതും ഇവര്‍ അക്കാദമി വിട്ടുപോകാന്‍ കാരണമായി. മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ബോധ്യപ്പെട്ടതാണെന്നും അക്കാദമി ഭാരവാഹി പറഞ്ഞു.

പലയിടത്തും മുളച്ചുപൊന്തുന്ന ഫുട്ബാള്‍ അക്കാദമികളില്‍ കുട്ടികള്‍ കൊടും ദുരിതം നേരിടുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടാറില്ല. യൂറോപ്പിലെ വമ്ബന്‍ ക്ലബുകളുടെ പേരിലുള്ള ചില അക്കാദമികള്‍ അരലക്ഷത്തിലേറെ രൂപയാണ് ഒരു വര്‍ഷം പരിശീലനത്തിനായി ഈടാക്കുന്നത്. വിദേശ ക്ലബുകളില്‍ പരിശീലനം എന്ന പേരില്‍ കുട്ടികളെ കൊണ്ടുപോകാന്‍ ചിലര്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്നുണ്ട്. കളിയുടെ മികവ് നോക്കാതെ, പണം നല്‍കുന്നവരെയെല്ലാം വിദേശത്തേക്ക് ഒന്നോ രണ്ടോ ആഴ്ചത്തെ പരിശീലനത്തിന് എത്തിക്കുന്നതാണ് പതിവ്.


Share on

Tags