കലാ പ്രകടനങ്ങൾ ആസ്വദിക്കാൻ കോഴിക്കോട് എത്തുന്നവർക്ക് നാടിന്റെ തനത് ഭക്ഷണ വിഭവങ്ങളുടെ രുചിയറിയാൻ അവസരമൊരുക്കി കോഴിക്കോട്, തിരുവണ്ണൂർ ഭിന്ന ശേഷി സ്കൂളിലെ രക്ഷിതാക്കൾ. മറ്റ് ജോലികളൊന്നും ഇല്ലാത്ത മാതാപിതാക്കൾക്ക് ഒരു വരുമാന മാർഗം ലക്ഷ്യമാക്കിയാണ് യു ആർ സി യിലെ ‘ഒപ്പം ‘എന്ന കൂട്ടായ്മ പ്രവർത്തിക്കുന്നത്. കലോത്സവത്തിന്റെ മൂന്നാം വേദിക്കരികിൽ തുടക്ക ദിവസം മുതൽ കോഴിക്കോടിന്റെ തനത് വിഭവങ്ങളും വ്യത്യസ്ത പാനീയങ്ങളും ഒരുക്കി ഇവരുടെ ലഘു ഭക്ഷണ സ്റ്റാൾ ഉണ്ട്.
ഓരോ ദിവസങ്ങളിലും വിഭവങ്ങൾ രക്ഷിതാക്കൾ തന്നെയാണ് വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്നത് .’ഒപ്പം’രക്ഷിതാക്കൾക്ക് ഒരു സ്ഥിര വാരുമാനമുള്ള വലിയ തൊഴിൽ യൂണിറ്റാക്കി വിപുലീകരിക്കുന്നതിന്റെ മുന്നോടിയാണ് ഇത്തരം പ്രവർത്തനങ്ങൾ പരീക്ഷിക്കുന്നതെന്ന് ഇവർ ട്വന്റിഫോറിനോട് പറഞ്ഞു. യു ആർ സി യിലെ മറ്റ് ജീവനക്കാരുടെ പൂർണ്ണ പിന്തുണയും സഹായവും ഇവരുടെ സംരംഭത്തിന് ഉണ്ട് . ആളുകൾ നന്നായി സഹകരിക്കുന്നത് കൊണ്ട് വരും ദിനങ്ങളിൽ കൂടുതൽ വിഭവങ്ങൾ ഉൾകൊള്ളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും രക്ഷിതാക്കൾ പങ്കുവയ്ക്കുന്നു.