ആഹ്ലാദാരവം മുഴക്കി നാടുചുറ്റി കലോത്സവ സ്വർണ്ണക്കപ്പ്

Jotsna Rajan

Calicut

Last updated on Jan 9, 2023

Posted on Jan 9, 2023

ബാന്റ് മേളത്തിന്റേയും വർണ്ണാഭമായ മുത്തുക്കുടകളുടെയും കലാചാരുതയുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വർണ്ണക്കപ്പിന്റെ വിജയഘോഷയാത്ര.
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയിൽ നിരവധി പേരാണ് പങ്കെടുത്തത്.

വിദ്യാർഥികളുടെയും പൗരാവലിയുടെയും  അകമ്പടിയോടെ തുറന്ന ജീപ്പിൽ വൻ ജനാവലിക്കൊപ്പം സ്വർണ്ണകപ്പ് വഹിച്ചുകൊണ്ടുള്ള ആഘോഷയാത്ര മുതലക്കുളത്തുനിന്നും ആരംഭിച്ച് ബി.ഇ. എം സ്കൂളിൽ സമാപിച്ചു. കലോത്സവത്തിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ച കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിതസേന അംഗങ്ങളെയും അനുമോദിക്കുന്ന ചടങ്ങും അരങ്ങേറി.

കലോത്സവം പരാതികളില്ലാതെ മികച്ചരീതിയിൽ സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കമ്മിറ്റികൾ, അധ്യാപക, വിദ്യാർത്ഥി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ വകുപ്പുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനങ്ങൾ തുടങ്ങി എല്ലാവരും രാഷ്ട്രീയ-കക്ഷി ഭേദമില്ലാതെ ഒന്നിച്ചു നിന്ന് കലോത്സവം മികച്ചരീതിയിൽ നടത്തുന്നതിൽ പങ്കാളികളായി.

ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശുചിത്വ തൊഴിലാളികൾ, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികൾ, ദിവസേന കാൽലക്ഷം പേർക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളണ്ടിയർമാർ, പോലീസ്, വിവിധ കമ്മിറ്റികൾ എന്നിവർ നടത്തിയത് മാതൃകാപരമായ പ്രവർത്തനമാണ്.  കലോത്സവ വിജയികളെയും മത്സരാർത്ഥികളെയും 21 കമ്മിറ്റികളെയും മന്ത്രി അഭിനന്ദിച്ചു.

കോഴിക്കോട്ടെ ജനങ്ങൾ മികച്ച പങ്കാളിത്തത്തോടെ കലോത്സവം അനശ്വരമാക്കിയെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ വിജയത്തിന് പിന്നിലുള്ള ഏവരെയും മന്ത്രി അഭിനന്ദിച്ചു.

ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോർപ്പറേഷൻ ശുചിത്വ തൊഴിലാളികൾ, ഹരിതകർമ്മസേന ജീവനക്കാർ എന്നിവരെ മന്ത്രി മുഹമ്മദ് റിയാസ് പുരസ്‌കാരം നൽകി ആദരിച്ചു.

മേയർ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. ആർഡിഡി ഡോ അനിൽ കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ്‌ കുമാർ, കലോത്സവ കമ്മിറ്റി കൺവീനർമാർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share on

Tags