കളമശ്ശേരി സുനാമി ഇറച്ചിക്കേസ്; പ്രതി ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളിലും പ്രതി

TalkToday

Calicut

Last updated on Jan 24, 2023

Posted on Jan 24, 2023

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പിടിയിലായ ജുനൈസ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട് പൊള്ളാച്ചിൽ നിന്നാണ് ജുനൈസ് പഴകിയ മാംസം കൊണ്ടുവന്നത്. ഇയാള്‍ക്കെതിരെ 269, 270, 273,34, 328 വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ജുനൈസ് ഇറച്ചി വിറ്റവരേയും കണ്ടെത്തി കേസെടുക്കുമെന്ന് ഡിസിപി എസ് ശശിധരൻ അറിയിച്ചു.

അതേസമയം, പഴയതാണെന്നറിഞ്ഞ് തന്നെയാണ് ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതുമാണ് അറസ്റ്റിലായ ജുനൈസിന്‍റെ മൊഴി. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ടെന്നും കുറഞ്ഞ വിലക്കാണ് ഇവര്‍ക്ക് ഇറച്ചി വിറ്റിരുന്നതെന്നും ജുനൈസ് പൊലീസിനോട് പറഞ്ഞു. ഇന്നലെ പൊന്നാനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജുനൈസിനെ ഇന്ന് രാവിലെ ചോദ്യം ചെയ്തപ്പോഴാണ് ‍ഇറച്ചിക്കച്ചവടത്തിലെ കള്ളകഥകള്‍ പുറത്ത് വന്നത്. ഇറച്ചി കൊണ്ടുവന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചില്‍ നിന്നാണെന്ന് ജുനൈസ് പൊലീസിനോട് പറഞ്ഞു.

ഇറച്ചി പഴകിയതാണെന്ന് അറിയാമായിരുന്നു. വിലകുറച്ചാണ് വാങ്ങിയത്. കൊച്ചിയിലെ 50 ഓളം കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും വിപണി വിലയെക്കാല്‍ കുറച്ചാണ് ഇറച്ചി വിറ്റിരുന്നത്. 500 കിലോ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചതും ചില്ലറ വില്‍പ്പനാക്കായാണ്. മണ്ണാര്‍ക്കാട് സ്വദേശിയായ നിസാബാണ് കച്ചവടത്തില്‍ സഹായിയായി ഉണ്ടായിരുന്നത്. മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് ഒളിവില്‍പോയതെന്നും ജുനൈസ് പൊലീസിനോട് പറഞ്ഞു.

ജുനൈസിന്‍റെ മൊഴിയെ തുടര്‍ന്ന് കസ്റ്റഡിയിലുണ്ടായിരുന്ന സഹായി നിസാബിന്‍റെ അറസ്റ്റും കളമശേരി പൊലീസ് രേഖപെടുത്തിയിട്ടുണ്ട്. ജീവന് അപകടമുണ്ടാവുമെന്ന അറിവോടെ ഭക്ഷണത്തില്‍ മാരകമായ വിഷം കലര്‍ത്തി നല്‍കുനന്നതടക്കം ഗൗരവമുള്ള വകുപ്പുകളാണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് ചുമത്തിയിട്ടുള്ളത്. ഇയാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.


Share on

Tags