കാനംകോട് ചെക്ക് ഡാമില്‍ ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കുന്നു

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കര്‍ക്കിടാംകുന്ന് കാനംകോട് ചെക്ക് ഡാമില്‍ ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കുന്നു.

മരം കൊണ്ടുണ്ടായിരുന്ന ഷട്ടര്‍ തകര്‍ന്നതിന് പകരമായാണിത്. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി. അലനല്ലൂര്‍ പഞ്ചായത്തിലെ കര്‍ക്കിടാംകുന്ന് കാനംകോടില്‍ വെള്ളിയാര്‍ പുഴക്ക് കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് തടയണ നിര്‍മിച്ചത്. ഇതിലെ മരം കൊണ്ടുള്ള ഷട്ടര്‍ 2018ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇതോടെ വേനലില്‍ തടയണയില്‍ വെള്ളം സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമായി.

സമീപത്തെ നൈതക്കോട് കുടിവെള്ള പദ്ധതിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആധുനിക ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. ആറ് ഷട്ടറുകളില്‍ ചാനല്‍ സ്ഥാപിച്ചു.

കോണ്‍ക്രീറ്റും നടത്തിയിട്ടുണ്ട്. ഇനി ഷട്ടര്‍ ഘടിപ്പിക്കല്‍ പ്രവൃത്തികളാണ് അവശേഷിക്കുന്നത്. ഒരാഴ്ചയോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ഡ് അംഗം പി. ഷൗക്കത്തലി പറഞ്ഞു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലൂര്‍പ്പുള്ളി വാര്‍ഡ്, മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിലെ കൊമ്ബംകല്ല് വാര്‍ഡ്, മേലാറ്റൂര്‍ പഞ്ചായത്തിലെ ഉച്ചാരക്കടവ് വാര്‍ഡ് എന്നിവടങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണ് കാനംകോട് തടയണ.

നിലവില്‍ സ്ഥിരം തടയണക്ക് സമീപത്തായി വെള്ളം തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, വേനല്‍ കനത്തതോടെ തടയണക്ക് സമീപത്തെ കിണറുകളിലും ജലനിരപ്പ് താഴാന്‍ തുടങ്ങി. സ്ഥിരം തടയണയിലെ ഷട്ടര്‍ പ്രശ്‌നം പരിഹരിച്ച്‌ വെള്ളം സംഭരിക്കുന്നത് തീരഗ്രാമങ്ങള്‍ക്ക് അനുഗ്രഹമാകും.


Share on

Tags