കാക്കനാട് രാസ ബാഷ്പ മാലിന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവ്

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

കാക്കനാട്: ജില്ല ആസ്ഥാനമായ കാക്കനാടും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നതായി റിപ്പോര്‍ട്ട്.

വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ (പി.എം 2.5) അളവിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ 54.7 പോയന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തിലായിരുന്നു അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിച്ചത്.

മാര്‍ച്ച്‌ ഏഴിന് ശരാശരി 165.1 ആയിരുന്ന പി.എം 2.5 ഞായറാഴ്ച 110.41 ആയി കുറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാന്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 165.1 ആയിരുന്നത് ബുധനാഴ്ച 149.3 ആയി.

വ്യാഴാഴ്ച 150.97ആയി ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞു. വെള്ളി (131.9), ശനി (125.76), ഞായര്‍ (110.4) എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി പി.എം 2.5 ന്റെ അളവ്. എം.ജി യൂനിവേഴ്സിറ്റി അസി. പ്രഫ. ഡോ. മഹേഷ് മോഹന്റെ മേല്‍നോട്ടത്തില്‍ റിസര്‍ച്ച്‌ സ്‌കോളറായ എന്‍.ജി. വിഷ്ണുവാണ് പരിശോധന നടത്തുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് മോണിറ്ററിങ് വാന്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ എത്തിച്ചത്.

ബ്രഹ്മപുരത്തുനിന്ന് ഉയരുന്ന പുക മൂലമുണ്ടാകുന്ന മലിനീകരണം രേഖപ്പെടുത്തണമെങ്കില്‍ ഏകദേശം നാല് കിലോമീറ്ററോളം മാറിവേണം നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍. ഉയരുന്ന പുക കുറച്ചുദൂരം കാറ്റില്‍ സഞ്ചരിച്ചശേഷമാകും അന്തരീക്ഷത്തിലേക്ക് ഇറങ്ങുക. ഇത് പരിഗണിച്ചാണ് മോണിറ്ററിങ് വാന്‍ സിവില്‍ സ്റ്റേഷനില്‍ എത്തിച്ചത്.


Share on

Tags