കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് കെ. മുരളീധരന്‍ എംപി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രമേശ് ചെന്നിത്തലയും പാര്‍ലമെന്‍റിലേക്ക് മത്സരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
നിയമസഭയില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പാര്‍ലമെന്‍റിലേക്ക് പ്രത്യേക സാഹചര്യത്തില്‍ പോയത്. അതുകൊണ്ട് ലോക്‌സഭയില്‍ നിന്ന് ഒഴിവാക്കണം എന്ന് താന്‍ ആദ്യം പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാവരും അസംബ്ലിയിലേക്ക് തള്ളിയാല്‍ ഡല്‍ഹിയില്‍ ഇവര്‍ അധികാരത്തില്‍ വരില്ലായെന്ന് ജനം വിചാരിക്കും. അതുകൊണ്ട് ഞങ്ങളെയൊക്കെ പാര്‍ലമെന്‍റിലേക്ക് പരിഗണിക്കണമെന്നാണ് നേതാക്കന്മാരോട് പറയുന്നത്. ഞങ്ങള്‍ ഡല്‍ഹിയില്‍ പോയിട്ട് നോക്കിക്കോളാം. ഒന്നുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുണ്ടാകുമല്ലോ മുന്നില്‍ ഇരിക്കാന്‍ എന്ന് മുരളീധരന്‍ പറഞ്ഞു.
ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്നും ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് ഒരു ചട്ടക്കൂട് വരച്ചാല്‍ ആരും അതില്‍ നിന്ന് പുറത്ത് പോകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.