തിരുവനന്തപുരം: അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിക്കായി 7556 കി.മീ ബാക്ക് ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6500 കിലോമീറ്ററിലധികം പണി പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
26,057 കണക്ഷന്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 11,832 ഇടത്ത് ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മാര്‍ച്ച് 31ന്കം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ശരിയായ ട്രാക്കില്‍ തന്നെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ശരിയായ ട്രാക്കില്‍ തന്നെയാണെന്നും ഒരു പാളംതെറ്റലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസന പദ്ധതികളെ കാര്യക്ഷമമായി ചലിപ്പിക്കുന്ന സര്‍ക്കാറിനെ കട്ടപ്പുറത്തെ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ കട്ടപ്പുറത്തായ പദ്ധതികളെ ചലിപ്പിച്ച സര്‍ക്കാറാണെന്ന് മാറ്റിപ്പറയണം. മൂലധന ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഉള്‍ക്കാഴ്ചയോടെ നടപ്പാക്കുന്ന പദ്ധതികളെ സാമ്ബത്തിക സ്രോതസ്സുകള്‍ ഞെരുക്കി തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ പിന്തുണക്കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും ചെയ്യുന്നത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി കാണുന്നതും പോരായ്മകള്‍ ജനങ്ങള്‍ക്ക് മുമ്ബാകെ കൊണ്ടുവരുന്നതും പ്രതിപക്ഷ കടമയാണ്. പക്ഷേ, സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വാദിക്കുന്നത് പ്രതിപക്ഷ കടമയല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കിഫ്‌ബി പോലുള്ള സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനുമുണ്ട്. എന്നാല്‍, കേരളത്തിന് ഇതൊന്നും പാടില്ല എന്നാണ് കേന്ദ്ര സമീപനം. അതിനെയാണ് ഇവിടത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നത്.
കേരളത്തില്‍ ബി.ജെ.പിക്ക് ഇടം ഇല്ലാതാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തമാശയാണ്. ബി.ജെ.പിക്ക് കേരളത്തില്‍ നേരത്തേ ഇടമുണ്ടായത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. അത് ഇല്ലാതാക്കിയത് വി. ശിവന്‍കുട്ടിയാണ്. എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജാഥക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. അതുകണ്ട് പ്രതിപക്ഷം വല്ലാതെ വിഷമിക്കേണ്ടതില്ല. ആര്‍.എസ്.എസ് നടത്തുന്ന കൊലപാതകങ്ങളില്‍ ഇപ്പോള്‍ കുറവു വന്നിട്ടുണ്ട്. അതില്‍ പ്രതിപക്ഷ നേതാവിന് എന്തോ വിഷമം ഉള്ളതുപോലെ തോന്നുന്നു. ജനക്ഷേമ പരിപാടികളില്‍നിന്നും സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. ഇതിനായി വരുമാനം കണ്ടെത്താന്‍ ചില ധനാഗമ മാര്‍ഗങ്ങള്‍ തേടുമ്ബോള്‍ അതിനെതിരെ വാളോങ്ങുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.