നാദാപുരം ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയു മായി ചേർന്ന് നടപ്പിലാക്കുന്ന ജീവതാളം പദ്ധതിക്ക് നാദാപുരം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി .ജീവിതശൈലി രോഗനിർണയം നടത്തി സമ്പൂർണ്ണ ജീവിതശൈലി മാറ്റം നാദാപുരം ഗ്രാമപഞ്ചായത്തിലെ ജനങ്ങളിൽ ഉണ്ടാകുന്നതിനുള്ള സമഗ്ര സാമൂഹിക അധിഷ്ഠിത ജീവിതശൈലി രോഗപ്രതിരോധ പദ്ധതിയാണ് ജീവ താളം പദ്ധതി .ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വയസ്സ് കഴിഞ്ഞവരുടെ ജീവിതശൈലി പരിശോധനയും രോഗികളായവർക്ക് മരുന്ന് വിതരണവും തുടർ ചികിത്സയും ഉറപ്പുവരുത്തുന്നു. വാർഡുകളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ ആരോഗ്യ വകുപ്പ് ജീവനക്കാർ ,ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കൂടാതെ കാൻസർ പരിശോധന സ്ത്രീകൾക്കായി പദ്ധതിയിലൂടെ നടത്തുന്നതാണ്. പദ്ധതിക്ക് വേണ്ടി ഒരു ലക്ഷം രൂപ നാദാപുരം ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. 100 വീടുകൾ ക്ലസ്റ്ററുകൾ ആക്കിയുള്ള പരിശോധന വാർഡുകളിൽ അടുത്തദിവസം ആരംഭിക്കുന്നതാണ്. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ ,ആശാവർക്കർ ,വാർഡ് വികസന സമിതി അംഗങ്ങൾ ,വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കുള്ള പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം.ജമീല പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. കെ നാസർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ സംസാരിച്ചു. നരിപ്പറ്റ ഹെൽത്ത് ഇൻസ്പെക്ടർ വി. സജിത്ത് ക്ലാസ് എടുത്തു.

Previous Article