ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സൈബി ജോസ് കിടങ്ങൂരിന് ബാര്‍ കൗണ്‍സില്‍ നോട്ടീസ്. അഭിഭാഷകനില്‍ നിന്ന് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും. സൈബിക്കെതിരായ തുടര്‍നടപടി സ്വീകരിക്കുന്നതിന് ഡിജിപി നിയമോപദേശം തേടിയിട്ടുണ്ട്. സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് അഡ്വ. ജനറലിന് കൈമാറിയിട്ടുണ്ട്. നിയമമന്ത്രാലത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് സൈബിക്കെതിരെ ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയത്.
അനുകൂല വിധി വാങ്ങി നല്‍കാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ അഡ്വ സൈബി ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍. സൈബിക്ക് പണം നല്‍കിയ പീഡനകേസില്‍ പ്രതിയായിരുന്ന നിര്‍മ്മാതാവില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.
താന്‍ വാങ്ങിയത് വക്കീല്‍ ഫീസാണെന്നാണ് സൈബി ജോസ് പറയുന്നത്. ജഡ്ജിമാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് സൈബി ചോദ്യം ചെയ്യലില്‍ പറഞ്ഞു. സൈബിക്കെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.