ബെംഗളൂരു: മൈസൂരു-ബെംഗളൂരു 10 വരി പാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് നിർമാണ പ്രവൃത്തികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ബെംഗളൂരുവിൽ നിന്നും മൈസൂരുവിലെത്താൻ നിലവിൽ 3 മുതൽ 4 മണിക്കൂർ വേണ്ടി വരും. അതിവേഗ പാത ക്കുന്നതോടെ ഈ സമയദൈർഘ്യം കുറയുകയും യാത്രക്കാർക്ക് സുഗമമായ യാത്ര ലഭിക്കുകയും ചെയ്യും. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സർവീസ് റോഡുമാണ് നിർമിച്ചിട്ടുള്ളത്. 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 റെയിൽവേ മേൽപാലങ്ങളും പുതുതായി പണിതു. സുരക്ഷയുടെ ഭാഗമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങൾ ഉയർന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.
പാതയിൽ ടോൾ പിരിവും ഉടൻ തുടങ്ങും. രാമനഗരയിലെ ബിഡദിയിലും മാണ്ഡ്യയിലെ ശ്രീംഗപട്ടണയിലുമാണ് ടോൾ ബൂത്തുകൾ, ടോൾ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല. 10 വരി പാത കേരളത്തിനു ഗുണകരമാകും. മലബാർ മേഖലയിലുള്ളവർക്ക് യാത്രാ സമയം കുറയുന്നതിനു പുറമെ ഇന്ധന ലാഭവമുണ്ടാകും. കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത, മൈസൂരു-ഗൂഡല്ലൂർ ദേശീയപാത എന്നിവിടങ്ങളിലേക്കും ബെംഗളൂരു-മൈസൂരു പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കും.
അതിനിടെ ബെംഗളൂരു-മൈരു ദേശീയപാതക്ക് പേരിടുന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി. പാതയ്ക്ക് മൈർ രാജാവായിരുന്ന നാൽവാടി കൃഷ്ണരാജ വോഡയാറിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണ കേന്ദ്ര ഗതാഗതമന്ത്രിയെ സമീപിച്ചു. പാതയ്ക്ക് കാവേരി എക്സ്പ്രസ് എന്ന പേരു പേരു നൽകണമെന്ന ആവശ്യവുമായി മൈസൂർ എം. പി പ്രതാപ് സിംഹയും രംഗത്തുണ്ട്.