ന്യൂഡല്‍ഹി: വ്യജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് നിരവധി സ്ത്രീകളെ പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
വികാസ് ഗൗതം എന്നയാളാണ് പിടിയിലായത്. മധ്യപ്രദേശ് ഗ്വാളിയോര്‍ സ്വദേശിയാണ് യുവാവെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വികാസ് യാദവ് എന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് സ്ത്രീകളെ കബളിപ്പിച്ചത്. ചുവന്ന ബീക്കണുള്ള സര്‍ക്കാര്‍ വാഹനത്തിന്റെ സമീപത്ത് നില്‍ക്കുന്ന ഫോട്ടോയാണ് ഇയാളുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഐഡികളില്‍. 2021 ബാച്ച് യുപി കേഡര്‍ ഐപിഎസ്, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ്, കാണ്‍പൂര്‍ ഐഐടിയില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് 2015ല്‍ പാസായി തുടങ്ങിയ വിവരങ്ങളും പ്രൊഫൈലില്‍ ഉണ്ട്.
ഡല്‍ഹി സഞ്ജയ് ഗാന്ധി ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഇത്തരത്തില്‍ ഇയാളുടെ കെണിയില്‍ പെട്ടിരുന്നു. ഇവരുമായി നിരന്തരം ചാറ്റിങ്ങ് നടത്തിയ വികാസ് ക്രമേണ ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നാലെ ഇവരുടെ ബാങ്ക് വിവരങ്ങള്‍ ചോദിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ ഇയാള്‍ പിന്‍വലിച്ചു.
പിന്നീട് ഡോക്ടര്‍ക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായി. ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. ഇക്കാര്യം മനസിലാക്കിയ വികാസ് ഇവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തി. തനിക്ക് രാഷ്ട്രീയത്തില്‍ പിടിപാടുണ്ടെന്നും മറ്റും പറഞ്ഞു.
എന്നാല്‍ വികാസിന്റെ ഭീഷണിക്ക് ചെവികൊടുക്കാതെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണമാണ് ചതിയുടെ ചുരുളഴിച്ചത്.
നിരവധി സ്ത്രീകളെയാണ് ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും ഇയാള്‍ പല സ്ത്രീകളില്‍ നിന്നായി കൈക്കലാക്കിയിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരനായും മറ്റും ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് വികാസെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ പേരില്‍ യുപി, ഗ്വാളിയോര്‍ എന്നിവിടങ്ങളില്‍ വഞ്ചനാക്കുറ്റത്തിന് കേസുണ്ട്.