ഇന്ത്യയിലെ ഏറ്റവുംമലിനമായ നദി എന്ന കുപ്രസിദ്ധി ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന കൂവം നദിക്ക്. ഗുജറാത്തിലെ സാബർമതി രണ്ടാംസ്ഥാനത്തും ഉത്തർപ്രദേശിലെ ബഹേല മൂന്നാംസ്ഥാനത്തുമാണ്.
രാജ്യത്തെ 603 നദികളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര മലിനീകരണനിയന്ത്രണബോർഡ് (സി.പി.സി.ബി.) അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കൂവം നദീജലത്തിലെ മാലിന്യം അപകടകരമാംവിധം ഉയർന്നതാണെന്ന വിവരമുള്ളത്. ജലമലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (ബി.ഒ.ഡി.) കൂവം നദിയിൽ ലിറ്ററിന് 345 മില്ലിഗ്രാമാണ്.
സാബർമതിയിൽ ഇത് 292-ഉം ബഹേലയിൽ 287-ഉം ആണ്. വെള്ളത്തിലടങ്ങിയ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്നതിന് അതിലെ സൂക്ഷ്മജീവികൾക്ക് ഉപയോഗിക്കേണ്ടിവരുന്ന ഓക്സിജന്റെ അളവിനെയാണ് ബി.ഒ.ഡി. എന്നുവിളിക്കുന്നത്. മാലിന്യം കൂടുന്നതിനുസരിച്ച് അത് വിഘടിപ്പിക്കുന്നതിനുവേണ്ട ഓക്സിജന്റെ ആവശ്യകതയും കൂടും.
തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ കേശവറാം അണക്കെട്ടിൽനിന്ന് ഉദ്‌ഭവിച്ച് കൂവം അഴിമുഖത്ത് സമുദ്രത്തിൽ പതിക്കുന്ന നദി ഇന്ത്യയിലെ ഏറ്റവുംചെറിയ നദികളിലൊന്നാണ്. 72 കിലോമീറ്ററാണ് ദൈർഘ്യം.
തിരുവേർക്കാടുവരെ സ്വച്ഛമായി ഒഴുകുന്ന നദി നഗരത്തിലേക്ക് കടക്കുന്നതോടെയാണ് മലിനമാകുന്നത്. അമിതമായ ജലചൂഷണത്താൽ ഒഴുക്കുകുറഞ്ഞ് മാലിന്യമടിയുന്നതാണ് പ്രധാനകാരണം. വടക്കൻ ചെന്നൈയിലെ വ്യവസായ മാലിന്യവും നഗരമാലിന്യവും ഇതിലേക്കാണെത്തുന്നത്. നദീതീരങ്ങൾ കൈയേറ്റത്തിലൂടെ ചേരികളായി മാറുകയുംചെയ്തു.
കൂവമടക്കം തമിഴ്‌നാട്ടിലെ 10 നദികളിൽ മാലിന്യത്തിന്റെ തോത് കൂടുതലാണെന്ന് സി.പി.സി.ബി.യുടെ റിപ്പോർട്ടിൽ പറയുന്നു. അഡയാർ, അമരാവതി, ഭവാനി, കാവേരി, പാലാർ, ശരഭംഗ, താമ്രപർണി, വസിഷ്ഠ, തിരുമണിമൂത്താർ എന്നിവയാണ് മറ്റുള്ള നദികൾ