പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഫിറോസ്പൂര്‍ സെക്ടര്‍ വഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് പിടികൂടി. ചോദ്യം ചെയ്യലില്‍ പാകിസ്ഥാനിലെ ഖൈബര്‍ സ്വദേശിയാണ് അറസ്റ്റിലായതെന്ന് വ്യക്തമായതായി ബിഎസ്എഫ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ സൈന്യത്തിന്റെ പിടിയിലായത്.
രണ്ട് ദിവസത്തിനകം അറസ്റ്റിലാകുന്ന മൂന്നാമത്തെ പാക് പൗരനാണിത്. ഇന്നലെ ഗുരുദാസ് പൂര്‍ സെക്ടറില്‍ നിന്ന് സിയാല്‍ക്കോട്ട് സ്വദേശിയായ ആമിര്‍ റാസ എന്നയാളെ പിടികൂടിയിരുന്നു. നുഴഞ്ഞുകയറ്റ ശ്രമം തുടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി. സേനയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനയും പുരോഗമിക്കുകയാണ്.