30 മിനിറ്റിനുള്ളില്‍ യുഎഇയില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്; ചെലവ്, നടപടിക്രമങ്ങള്‍ എങ്ങനെ?

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

നല്ലൊരു അവധിക്കാലം വിദേശത്ത് ചിലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വിദേശത്ത് കുടുംബവുമായി എത്തുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കും വാഹനമോടിക്കേണ്ടി വരും. യുഎഇയില്‍ നിങ്ങള്‍ക്കൊരു വാലിഡ് ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അന്താരാഷ്ട്ര പെര്‍മിറ്റ് ലഭിക്കും.

യുഎഇയിലെ ഓട്ടോമൊബൈല്‍ ആന്‍ഡ് ടൂറിംഗ് ക്ലബ് (ATCUAE) അനുസരിച്ച് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് (IDL) എന്നത് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടതും ഡ്രൈവിംഗ് ലൈസന്‍സിന് പകരമായി ഉപയോഗിക്കാവുന്നതുമാണ്. കൂടുതല്‍ പരിശോധനകളും അപേക്ഷകളും ആവശ്യമില്ലാതെ നിയമപരമായി യുഎഇക്ക് പുറത്ത് വാഹനമോടിക്കാന്‍ IDLമതി.

ATCUAE ഓഫീസുകളിലോ എമിറേറ്റഡ് പോസ്റ്റ് ഓഫീസുകളിലോ നേരിട്ട് പോയാല്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് 30 മിനിറ്റിനുള്ളില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ ഐഡി ഡെലിവര്‍ ചെയ്യുന്നതിനായി അഞ്ച് ദിവസം വരെ സമയമെടുക്കും.

ദുബായില്‍ താമസിക്കുന്നവര്‍ക്ക് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വെബ്‌സൈറ്റില്‍ അഞ്ച് മിനിറ്റിനുള്ളല്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കാം. യുഎഇ ഡ്രൈവിങ് ലൈസന്‍സ്, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് ഇതിന് വേണ്ടത്. ദുബായില്‍ 177 ദിര്‍ഹമാണ് ഇതിന് ഈടാക്കുന്ന ഫീസ്. മറ്റ് ചെലവുകള്‍ക്കായി 20 ദിര്‍ഹം അധികമായി നല്‍കണം.

ദെയ്‌റയിലോ അല്‍ബാര്‍ഷയിലോ ഉള്ളവര്‍ക്ക് ‘കസ്റ്റമര്‍ ഹാപ്പിനസ് സെന്ററു’കളില്‍ നിന്ന് ലൈസന്‍സിന് അപേക്ഷ നല്‍കാം. ലൈസന്‍സ് അഡ്രസിലേക്ക് ഡെലിവറി ചെയ്യുന്നതിന് ദുബായില്‍ 20 ദിര്‍ഹവും അതേ ദിവസം തന്നെ വേണമെങ്കില്‍ 35 ദിര്‍ഹവും രണ്ട് മണിക്കൂറിനുള്ളില്‍ വേണമെങ്കില്‍ 50 ദിര്‍ഹവും ഫീസായി നല്‍കണം.

റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിയമമനുസരിച്ച് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് ദുബായില്‍ ലൈറ്റ് വെയ്റ്റ് വാഹനങ്ങള്‍ ഉപയോഗിക്കാം. ട്രാന്‍സിറ്റ് വിസ ഉടമകള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള അംഗീകാരവും ഉണ്ടെങ്കില്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഓടിക്കാം.


Share on

Tags