തൃശ്ശൂരിൽ വിദ്യാഭാസവകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ മാനേജർ തടഞ്ഞു വെച്ചു; പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

തൃശ്ശൂരിൽ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ മാനേജർ ബന്ദികളാക്കിയതായി പരാതി. തൃശ്ശൂരിലെ ചേലക്കര കൊണ്ടാഴി പ്ലാന്റേഷൻ എഎൽപി സ്കൂളിൽ വിദ്യാഭാസ ഉദ്യോദഗസ്ഥർ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു വകുപ്പിന്റെ അന്വേഷണം. പരിശോധനയ്ക്കായി ഫയലുകൾ നൽകിയില്ലെന്നും ഇക്കാര്യം വിസിറ്റേഴ്സ് ഡയറിയിൽ രേഖപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ശാരീരിക ആക്രമണത്തിനും മുതിർന്നതായി എഇഒ എ. മൊയ്തീൻ അറിയിച്ചു.

ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ അന്വേഷണം നടത്താനായി എഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. വിദ്യാഭ്യസവകുപ്പ് ഉദ്യോഗസ്ഥരായ പുഷ്പ വർഗീസ്, സജീഷ്, സജിൻ ജേക്കബ് എന്നിവരും എഇഒ മൊയ്തീനിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ സ്കൂളിലെത്തിയ തങ്ങളെ തടഞ്ഞു വെച്ചെന്ന് എഇഒ ആരോപിച്ചു. ശാരീരിക ആക്രമണത്തിനും ശ്രമം നടന്നു. സഹപ്രവർത്തകരുടെ സഹായം കൊണ്ടുമാത്രമാണ് സ്കൂളിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, കുട്ടികളെ ഉപയോഗിച്ച് തങ്ങളുടെ വാഹനം തടയാൻ അധ്യാപകനായ പിന്റു ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും ഉദ്യോഗസ്ഥർ ഉന്നയിച്ചു.

സ്കൂൾ മാനേജരും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പൌലോസ്, പൌലോസിന്റെ ഭാര്യയും പ്രധാന അധ്യാപികയുമായ മിനി, മകനും അധ്യാപകനുമായ പിൻറു എന്നിവർക്കെതിരെയാണ് പരാതി. പഴയന്നൂർ പോലീസിന് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി സ്കൂൾ മാനേജർ പൌലോസ് രംഗത്തെത്തി. സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കും വിധത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ഇത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.


Share on

Tags