ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി; ജില്ലയിലെ വിഭാഗീയതിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ രംഗത്ത്. പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന് ഘടക വിരുദ്ധമായിരുന്നു ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ

എന്നാൽ, ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവന്നതിന്മേലാണ് നിലവിൽ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. വിഷയത്തിൽ ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ച രേഖകൾ ഹാജരാക്കാൻ എസ് പി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതെ സമയം, ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയത മറയാക്കി ലഹരിക്കടത്ത് കേസിൽ ഷാനവാസിനെ സംരക്ഷിക്കാൻ സജി ചെറിയാൻ വിഭാഗത്തിൻ്റെ നീക്കം ശക്തമാണ്. ആലപ്പുഴ സിപിഐഎമ്മിലെ കടുത്ത വിഭാഗീയതയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പങ്കെടുപ്പിച്ച് ജില്ലാ കമ്മിറ്റി വിളിക്കാനാണ് നിർദ്ദേശം. ഫെബ്രുവരി 10ന് ശേഷമായിരിക്കും യോഗം ചേരുക. വിഭാഗീയത സംബന്ധിച്ച മുഴുവൻ തർക്കങ്ങൾക്കും യോഗത്തിൽ പരിഹാരം കാണും. ഒപ്പം ഫെബ്രുവരി നാലിന് ജില്ലാ കമ്മിറ്റി യോഗവും അഞ്ചിന് സെക്രട്ടറിയേറ്റ് യോഗവും ചേരും. ഈ യോഗങ്ങൾക്ക് മുന്നോടിയായി പാർട്ടിയിലെ ലഹരിക്കടത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ്, നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയത എന്നീ വിഷയങ്ങയിൽ അന്വേഷണം നടത്തുന്ന പാർട്ടിയിലെ മൂന്ന് കമ്മീഷനുകളോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടിട്ടുണ്ട്.


Share on

Tags