കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് : പ്രത്യേക ക്യാമ്ബയിന്‍ സംഘടിപ്പിക്കും

Jotsna Rajan

Calicut

Last updated on Nov 24, 2022

Posted on Nov 24, 2022

കോഴിക്കോട്: ജില്ലയില്‍ കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെയ്പ്പില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ പ്രത്യേക ക്യാമ്ബയിന്‍ സംഘടിപ്പിക്കും.

രോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ശാക്തീകരണത്തിന് ബ്ലോക്കുകളില്‍ നടപ്പാക്കേണ്ട വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പരിപാടിയുടെ ഭാഗമായി പൂര്‍ണ്ണമായും കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാകാത്ത മേഖലകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 14 വരെ പ്രത്യേക ക്യാമ്ബയിന്‍ നടത്തും.

കുട്ടികള്‍ക്ക് പൂര്‍ണമായും രോഗ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ ശക്തിപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബോധവല്‍ക്കരണ പരിപാടികളില്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ട്.

ആശാ പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളുടെ പട്ടിക തയ്യാറാക്കി പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണമായും എടുക്കാത്തതിനുള്ള കാരണങ്ങള്‍ കണ്ടെത്തണം. താഴെ തട്ടില്‍ പഠനം നടത്തി കുത്തിവയ്‌പ്പിനൊടുള്ള സമീപനം ചോദിച്ചു മനസ്സിലാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ച്‌ പ്രചരണം ശക്തിപ്പെടുത്തണം. രോഗ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്തതുകൊണ്ട് ഒരു മരണവും ഉണ്ടാകാന്‍ പാടില്ലെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാദേശികമായി ഇടപെടലുകള്‍ നടത്തി ക്യാമ്ബയിന്‍ നടത്തണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ 100% വാക്സിനേഷന്‍ കൈവരിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും യോഗത്തില്‍ ഡി എം ഒ ഉമ്മര്‍ ഫറൂഖ് നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി എം ഒ സ്വാഗതവും ആര്‍ സി എച്ച്‌ ഓഫീസര്‍ ടി മോഹന്‍ദാസ് വിഷയാവതവരണവും നടത്തി.


Share on

Tags