പയ്യന്നൂര്‍: ഉരുകുന്ന ഈ ചൂടുകാലത്തും പാസ്പോര്‍ട്ട് വേണോ. എങ്കില്‍ വെയില്‍ കൊള്ളല്‍ നിര്‍ബന്ധമാണ്. കയറിനില്‍ക്കാന്‍ മരത്തണല്‍പോലുമില്ലാതെ ദുരിതം പേറുകയാണ് പയ്യന്നൂര്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലെത്തുന്നവര്‍.
പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലെത്തുന്നവരുടെ പ്രയാസം നിരവധി തവണ വാര്‍ത്തയായെങ്കിലും ബന്ധപ്പെട്ടവര്‍ പരിഹാരം കാണുന്നില്ല.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് അപേക്ഷകരാണ് പ്രതിദിനം ഈ കേന്ദ്രത്തിലെത്തുന്നത്. രാവിലെ 10 മുതല്‍ ഓഫിസിലെത്തുന്നവര്‍ വിളി കാത്ത് ഓഫിസിനു പുറത്തു കാത്തു നില്‍ക്കണം. വിളി വന്നാല്‍ മാത്രമേ അകത്തെ ശീതീകരിച്ച മുറികളിലേക്ക് പ്രവേശനമുള്ളൂ.
എപ്പോള്‍ വിളിക്കുമെന്നറിയാത്തതിനാല്‍ ഓഫിസിനു മുന്നില്‍ വെയില്‍ കൊണ്ടു തന്നെ നില്‍ക്കണം. മഴക്കാലമായാല്‍ മഴയും നനയണം. കോടികള്‍ ചെലവിട്ടാണ് കേന്ദ്രങ്ങള്‍ തുടങ്ങിയത്. അടുത്ത് സേവനമെത്തിക്കാനാണ് സ്വകാര്യ മേഖലയില്‍ വികേന്ദ്രീകൃത സേവാകേന്ദ്രം തുടങ്ങിയത്. ഇതാണ് ദുരിതകേന്ദ്രമായി മാറിയത്. ചെറിയ തുകയുണ്ടായാല്‍ മുന്നില്‍ പന്തല്‍ നിര്‍മിക്കാം.
വെയില്‍ കൊള്ളണമെന്നു മാത്രമല്ല ഇരിക്കാന്‍ ബെഞ്ചുപോലും ഇല്ല. മറ്റ് ഓഫിസുകള്‍ സന്ദര്‍ശകര്‍ക്കിരിക്കാന്‍ സ്ഥലസൗകര്യങ്ങള്‍ നല്‍കുമ്ബോഴാണ് പാസ്പോര്‍ട്ട് അധികൃതര്‍ ഉപഭോക്താവിനെ വെയിലത്തും മഴയത്തും നിര്‍ത്തുന്നത്. എന്നാല്‍ അകത്തു കയറിയാല്‍ ശീതീകരിച്ച വിശാലമായ മുറിയില്‍ ഇരിപ്പിടങ്ങള്‍ ഉണ്ടുതാനും. അതുകൊണ്ട് പേരൊന്നു വിളിച്ചുകിട്ടാനാണ് കേന്ദ്രത്തിലെത്തുന്നവരുടെ പ്രാര്‍ഥന.