ഐ ലീഗ് : റിയൽ കാശ്മീർ എഫ്‌സിയെ തകർത്ത് ഗോകുലം കേരള എഫ്‌സി

TalkToday

Calicut

Last updated on Jan 20, 2023

Posted on Jan 20, 2023

മലയാളി മുന്നേറ്റതാരം ജോബി ജസ്റ്റിൻ അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തിൽ റിയൽ കാശ്മീർ എഫ്‌സിക്ക് എതിരെ ഗോകുലം കേരള എഫ്‌സിക്ക് അതിഗംഭീരവിജയം. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഞ്ഞുപുലികളുടെ പോരാട്ടവീര്യവുമായി എത്തിയ റിയൽ കാശ്മീർ എഫ്‌സിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്. ആദ്യ പകുതിയിൽ മലയാളി വിങ്ങർ താഹിർ സമാനിലൂടെയാണ് ഗോകുലം കേരള മത്സരത്തിൽ ലീഡ് എടുക്കുന്നത്. വിങ്ങിൽ നിന്ന് വിഎസ് ശ്രീക്കുട്ടൻ നൽകിയ പന്ത് താരം തലകൊണ്ട് ചെത്തി വലയിലേക്കിടുകയായിരുന്നു.

രണ്ടാം പകുതിയിൽ താഹിർ സമാനിനു പകരക്കാരനായി കളിക്കളത്തിൽ എത്തിയ ജോബി ജസ്റ്റിൻ ക്ലബിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി തീർത്തു. മധ്യനിര താരം ഒമർ റാമോസിൽ നിന്ന് ലഭിച്ച പന്ത് ജോബി ജസ്റ്റിൻ ഹെഡറിലൂടെ വലയിലേക്ക് എത്തിച്ച് ടീമിന്റെ ലീഡ് ഉയർത്തുകയായിരുന്നു. ഇന്ത്യയുടെ മുൻ നിര ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിന് വേണ്ടിയും എടികെ മോഹൻ ബഗാന് വേണ്ടിയും ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടിയും ബൂട്ട് കെട്ടിയ താരത്തെ ഈ വരസത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഗോകുലം സൈൻ ചെയ്യുന്നത്.

ഇന്നത്തെ വിജയത്തോടുകൂടി 21 പോയിന്റുകളുമായി ക്ലബ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ശ്രീനിധി ഡെക്കാൻ എഫ്‌സിയുമായി കേവലം 4 പോയിന്റ് വ്യത്യാസം മാത്രമാണ് ഗോകുലത്തിനുള്ളത്.


Share on

Tags