വിജയവഴിയിലേക്ക് തിരികെയെത്തി കൊമ്പന്മാർ; നോർത്ത് ഈസ്റ്റിനെതിരെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

ഇന്ത്യൻ സൂപ്പർ ലീഗിൽ വടക്കു കിഴക്കിന്റെ വീര്യവുമായി എത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വിജയം. കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ തകർത്തത് എതിരില്ലാത്ത രണ്ടുഗോളുകൾക്ക്. വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 9 വിജയത്തോടെ 28 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ ഗ്രീക്ക് മുന്നേറ്റ താരം ഡിമിത്രിയോസ് ഡയമന്റക്കൊസ് നേടിയ ഇരട്ട ഗോളുകളാണ് ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. സഹലിനു പകരക്കാരനായി ആദ്യ പകുതിയിൽ സ്ഥാനം പിടിച്ച വിങ്ങർ ബ്രൈസ് മിറാൻഡയായിരുന്നു കേരളത്തിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം ഗോളിന് ചുക്കാൻ പിടിച്ചത് അഡ്രിയാൻ ലൂണയും.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസരങ്ങൾ സൃഷ്ട്ടിക്കാൻ വിമുഖത കാണിച്ച മത്സരം നിയന്ത്രിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ലഭിച്ച സുവർണ്ണാവസരങ്ങൾ പോലും ലക്ഷ്യത്തിൽ എത്തിക്കാൻ നോർത്ത് ഈസ്റ്റിന് സാധിക്കാതെ പോയതോടെ മത്സരം പലപ്പോഴും ഏകപക്ഷീയമായി. 23 ഷോട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് വടക്കു കിഴക്കൻ ക്ലബിന് നേരെ ഉതിർത്തത്. നോർത്ത് ഈസ്റ്റിന്റെ ഗോൾവല കാത്ത അരിന്ദം ഭട്ടാചാര്യയുടെ അസാമാന്യ പ്രകടനം കൊണ്ടുമാത്രമാണ് കേരളം രണ്ട് ഗോളിൽ ഒതുങ്ങിയത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേരളം ഗോളുകൾ നേടിയത്. 42 ആം മിനുട്ടിൽ വിങ്ങറായ ബ്രൈസ് മിറാൻഡ നൽകിയ ക്രോസ് തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടാണ് ഡിമിത്രി ലീഡ് എടുത്തത്. ആദ്യ ഗോളിന്റെ ആരവങ്ങൾ അവസാനിക്കും മുൻപേ നിറഞ്ഞു കവിഞ്ഞ ഗാലറിയയെ വീണ്ടും ആവേശത്തിൽ ആഴ്ത്തി ഡിമിത്രി തന്റെ രണ്ടാമത്തെ ഗോളും നേടി. മധ്യ നിരയിലൂടെ പന്തുമായി കുതിച്ച അഡ്രിയാൻ ലൂണ എതിർനിരയുടെ പ്രതിരോധത്തെ കബളിപ്പിച്ച് നൽകിയ ത്രൂ ബോൾ ഓടിയെടുത്ത ഡിമി ഇടം കാലുകൊണ്ട് തന്റെ കടമ പൂർത്തിയാക്കി. വിരലിലിൽ എണ്ണാവുന്നത്ര മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ലീഗിന്റെ ആദ്യ പകുതിയിൽ സീസൺ അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പൊരുതുന്ന കേരളത്തിന്റെ അടുത്ത മത്സരം ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക് എതിരെയാണ്.


Share on

Tags