ബംഗളൂരു : ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവില്‍ പെയ്ത കനത്ത മഴയില്‍ ബെല്ലന്ദൂരിലെ ഐടി മേഖല ഉള്‍പ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡുകള്‍ വെള്ളത്തിലായി.
നഗരത്തിന്റെ വടക്കന്‍ ഭാഗത്തുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി യെല്ലോ അലര്‍ട്ട് തുടരുമെന്ന് അറിയിച്ചു.

വെള്ളക്കെട്ടുള്ള റോഡുകളുടെയും തുറന്ന മാന്‍ഹോളുകളിലേക്ക് വെള്ളം ഒഴുകുന്നതന്റെയും ബേസ്മെന്‍റ് പാര്‍ക്കിംഗുകളില്‍ വെള്ളത്തിനടിയിലായ വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം 7.30-ഓടെ മഴ തുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കനത്ത മഴയില്‍ മജസ്റ്റിക്കിന് സമീപത്തെ മതില്‍ ഇടിഞ്ഞുവീണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കഴിഞ്ഞ മാസം, തുടര്‍ച്ചയായി മൂന്ന് ദിവസമായി പെയ്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഇത് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനും കാരണമാകുകയും ചെയ്തിരുന്നു. ആഗോള ഐടി കമ്ബനികളും ആഭ്യന്തര സ്റ്റാര്‍ട്ടപ്പുകളും സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. വെളളക്കെട്ട് ഒഴിവാകാന്‍ ദിവസങ്ങളെടുത്തു.
സമീപത്തെ ജനവാസ മേഖലകളില്‍ കുടിവെള്ള വിതരണവും വൈദ്യുതി ലൈനുകളും തകരുകയും ചെയ്തു. യാത്രകള്‍ക്ക് പലരും ട്രാക്ടറുകള്‍ ഉപയോഗിക്കേണ്ടിയും വന്നിരുന്നു. സ്കൂളുകള്‍ അടച്ചിടുകയും ഓഫീസുകളില്‍ പോകുന്നവര്‍ക്കായി വര്‍ക്ക് അറ്റ് ഹോം സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. വെള്ളപ്പൊക്കത്തില്‍ റോഡുകളും വീടുകളും മുങ്ങിയതിന്റെയും വെള്ളത്തില്‍ മുങ്ങിയ വിലകൂടിയ കാറുകളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഐടി തലസ്ഥാനത്ത് റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ മാസം പെയ്തത്. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം 1706 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 2017ല്‍ നഗരത്തില്‍ 1,696 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.