ജപ്പാന്‍ ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

TalkToday

Calicut

Last updated on Dec 12, 2022

Posted on Dec 12, 2022

കോഴിക്കോട്: ജപ്പാന്‍ ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്യൂലക്സ് വിഷ്ണുവായി വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ജപ്പാന്‍ ജ്വരം പരത്തുന്നത്.

പന്നികള്‍, ദേശാടന പക്ഷികള്‍ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകള്‍ യാദൃച്ഛികമായി മനുഷ്യരെ കടിക്കുമ്ബോഴാണ് മനുഷ്യരില്‍ ജപ്പാന്‍ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപ്പാന്‍ ജ്വരം പകരില്ല.

രോഗ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും കൊതുകുകടി ഏല്‍ക്കാതിരിക്കാനായി കൊതുകുവലകള്‍, ലേപനങ്ങള്‍, കൊതുകുതിരികള്‍, ശരീരം മൂടുന്ന നീളന്‍ വസ്ത്രങ്ങള്‍ എന്നിവയും ഉപയോഗിക്കുക.

പനിയും തലവേദനയുമാണ് ജപ്പാന്‍ ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ധി, വിറയല്‍ എന്നിവയും ഉണ്ടാകും.രോഗ തീവ്രതക്കനുസരിച്ച്‌ ശക്തമായ തലവേദന, തളര്‍ച്ച, അപസ്മാരം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച, കീഴ്താടിയില്‍ മരവിപ്പ്, കാഴ്ച മങ്ങല്‍ എന്നിവയും പ്രകടമാകും.

രോഗം മൂര്‍ച്ഛിച്ചാല്‍ മരണസാധ്യത കൂടുതലുള്ള രോഗമായതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധിച്ച്‌ ഉടന്‍ ചികിത്സ തേടണം. ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നവരില്‍ മാനസിക - വൈകാരിക അസ്വാസ്ഥ്യങ്ങള്‍, വ്യക്തിത്വ സ്വഭാവ മാറ്റങ്ങള്‍, പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.


Share on

Tags