'മന്ത്രിയാവുന്നതില്‍ സന്തോഷം, ഗവര്‍ണറുടെ വിയോജിപ്പിന് മറുപടിയില്ല, നേതൃത്വം മറുപടി നല്‍കും': സജി ചെറിയാന്‍

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമെന്ന് സജി ചെറിയാന്‍. മാറിനിന്ന കാലത്തും പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു. ഗവര്‍ണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി  ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെയാണ് ഗവർണര്‍ അംഗീകരിച്ചത്. സജി ചെറിയാൻ വിഷയത്തിൽ ഭാവിയിൽ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമായിരിക്കുമെന്ന് മുഖ്യമന്ത്രിയെ ഫോണിൽ ഗവര്‍ണര്‍ വിളിച്ചറിയിച്ചു.

മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെ ഗവർണര്‍ അനുമതി നല്‍കിയത്. പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചത്. സാഹചര്യം അസാധാരണമാണ്. എന്നാൽ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കെ സത്യപ്രതിജ്ഞക്കായി ശുപാർശ ചെയ്യുന്ന പേര് തള്ളിക്കളയാൻ ഗവർണർക്ക് കഴിയില്ലെന്ന് ഗവർണർ തന്നെ സമ്മതിക്കുന്നു.  ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ടത് കൊണ്ട് മാത്രമാണ് അനുമതിയെന്നാണ് അതൃപ്തിയോടെ ഫോണിൽ മുഖ്യമന്ത്രിയെ ഗവർണര്‍ അറിയിച്ചത്.


Share on

Tags