തൃശ്ശൂർ കുണ്ടന്നൂരിൽ പടക്കപ്പുരയ്ക്ക് തീ പിടിച്ചു; ഉണ്ടായത് ഇരട്ട ഉഗ്രസ്‌ഫോടനം; 20 കിമി അകലെ വരെ ശബ്ദം കേട്ടുവെന്ന് റിപ്പോർട്ട്

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

തൃശ്ശൂർ കുണ്ടന്നൂരിൽ പടക്കപുരയ്ക്ക് തീ പിടിച്ചു. സ്‌ഫോടനത്തിൽ പടക്കപുര പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാവശേരി സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണ് തീ പിടിച്ചത്. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിലുള്ള ലൈസൻസിലാണ് പടക്കപ്പുര പ്രവർത്തിച്ചിരുന്നത്.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനം നടക്കുന്നത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വടക്കാഞ്ചേരി നഗരത്തിൽ മാത്രമല്ല കുന്നംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങൡലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. 20 കിമി പരിധിയിൽ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ട്.

പാടശേഖരത്തിന് നടുവിലായാണ് പടക്കപ്പുര സ്ഥിതി ചെയ്യുന്നത്. 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്. നിലവിൽ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


Share on

Tags