കോഴിക്കോട് കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്.നാല് ദിവസം മുന്‍പാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്. ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാന്‍ സമീപത്തെല്ലാം ബൈജു തിരച്ചില്‍ നടത്തി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ കള്ളനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു. ഗാന്ധിജിയുടെ 150ആം ജന്മദിനത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. ഗാന്ധി സ്ക്വയര്‍ എന്ന് പേരിട്ട് ഇവിടെ പൊതുപരിപാടികളും നടത്താറുണ്ട്.

Previous Article