വേദികളിൽ നിന്ന് വേദികളിലേക്ക്, സൗജന്യ യാത്ര; കലോത്സവ വണ്ടികൾ പര്യടനം തുടരുന്നു

TalkToday

Calicut

Last updated on Jan 5, 2023

Posted on Jan 5, 2023

സംഘാടന മികവു കൊണ്ട് ശ്രദ്ധേയമാകുന്ന  കേരള സ്കൂൾ കലോത്സവത്തിന് മറ്റൊരു പൊൻ തൂവലാവുകയാണ് കലോത്സവ വണ്ടികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മത്സരാർത്ഥികളുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കലോത്സവ വണ്ടിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബസുകളും ഇന്നോവ കാറുകളും ഉൾപ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികൾ എന്ന പേരിൽ സൗജന്യ സർവ്വീസ് നടത്തുന്നത്.

പുലർച്ചെ റെയിൽവേ സ്റ്റേഷനിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുന്നതോടെ കർമ്മ നിരതരായി വാഹനങ്ങൾ നിരത്തിലുണ്ട്. തുടർന്ന് മത്സരാർത്ഥികളുമായി വേദികളിലേക്കും ഭക്ഷണ ശാലകളിലേക്കുമുള്ള യാത്രകളാണ്. രാത്രി കുട്ടികളെ സുരക്ഷിതമായി താമസ്ഥലങ്ങളിൽ എത്തിച്ചാണ്  കലോത്സവ വണ്ടികൾ പര്യടനം അവസാനിപ്പിക്കുന്നത്.

ക്ലസ്റ്റർ തിരിച്ചാണ് താമസസ്ഥലത്തേക്ക് വണ്ടികൾ സർവീസ് നടത്തുന്നത്. ഇത്തരത്തിൽ ഒമ്പതോളം ക്ലസ്റ്ററുകളുണ്ട്. മത്സരാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് വേദികളിൽ നിന്ന് ഭക്ഷണശാലയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കുമാണ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നത്.

മത്സര വേദികൾ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ഒഴിവായതായും യാത്ര സൗജന്യമായതിനാൽ സാമ്പത്തിക ലാഭം ഉണ്ടാകുന്നുണ്ടെന്നും മത്സരാർത്ഥികൾ പറയുന്നു. ഇതുവരെയുള്ള കലോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായ ആശയമാണ് കലോത്സവ വണ്ടികളിലൂടെ സംഘാടകർ മുന്നോട്ട് വെച്ചത്.

ജനുവരി രണ്ടിനാണ് കലോത്സവ വണ്ടികൾ പര്യാനം തുടങ്ങിയത്. നാല് ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറയുന്നു.


Share on

Tags