എന്തുകൊണ്ടാണ് നമ്മള്‍ കോട്ടുവായ ഇടുന്നത് എന്ന് ചോദിച്ചാല്‍ പലരും പല ഉത്തരങ്ങളാണ് പറയുക. ഉറക്കം വരുന്നതിന്റെ ലക്ഷണമാണെന്ന് ചിലര്‍ പറയും.
അലസതയും മടിയും ഉള്ളതുകൊണ്ടാണെന്ന് മറ്റ് ചിലര്‍ പറയും. താല്പര്യമില്ലായ്മയെ സൂചിപ്പിക്കുന്നതാണ് കോട്ടുവായ എന്നും പറയും. ഒരു ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍. ഒരു ദിവസം ശരാശരി 5 മുതല്‍ 10 തവണ വരെ മനുഷ്യര്‍ കോട്ടുവായ ഇടാറുണ്ട്. എന്നാല്‍ ചിലര്‍ ഒരു ദിവസം 100 തവണ വരെ കോട്ടുവായ ഇടുന്നതായി പഠനങ്ങള്‍ പറയുന്നു. സാധാരണ ഉറങ്ങുന്നതിനപ്പുറം സമയം ഉണര്‍ന്നിരുന്നാല്‍ ഇത്തരത്തില്‍ തുടരെ തുടരെ കോട്ടുവായ ഇട്ടേക്കാം. അമിതമായി കോട്ടുവായ ഇടുകയാണെങ്കില്‍, അത് ഉറക്കമോ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ മൂലമുണ്ടാകുന്ന ഉറക്കക്കുറവിനെ സൂചിപ്പിക്കാം. നിങ്ങള്‍ക്ക് അമിതമായി ക്ഷീണം, സമ്മര്‍ദ്ദം അല്ലെങ്കില്‍ വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവ ഉണ്ട് എന്നതും ഇത് സൂചിപ്പിക്കുന്നു.
വയറ്റിനെയും ഹൃദയത്തെയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന വാഗസ് നാഡിയുടെ ന്യൂറോളജിക്കല്‍ പ്രതികരണമാണ് കോട്ടുവായ. വിരസതയോ താല്‍പ്പര്യക്കുറവോ പോലെ ലളിതമായ കാര്യങ്ങള്‍ക്കൊണ്ടും ഉത്കണ്ഠയോ വിഷാദമോ പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് എന്നിവ കൊണ്ടും കോട്ടുവായ ഇടാറുണ്ട്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, അപസ്മാരം, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് പോലുള്ള നാഡീസംബന്ധമായ രോഗങ്ങള്‍, അപൂര്‍വ്വമായി ഗട്ട് രക്തസ്രാവം, ലിവര്‍ സിറോസിസ് അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിന് കാരണമാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും കാരണങ്ങളില്‍ ഉള്‍പ്പെടാം.
വിട്ടുമാറാത്ത കരള്‍ രോഗമുള്ള രോഗികളില്‍ ഉണ്ടാകുന്ന ഹെപ്പാറ്റിക് എന്‍സെഫലോപ്പതി പോലുള്ള ഉപാപചയ രോഗങ്ങളുടെ ഒരു അടയാളം കൂടിയാണ് കോട്ടുവായ. അപസ്മാരം ഉള്ളവരില്‍ ഇത് സംഭവിക്കാം. തലച്ചോറിലെ ചില ഭാഗങ്ങളില്‍ താപനില നിയന്ത്രണം ശരിയായ പാതയില്‍ ആയിരിക്കില്ല. ശരീര താപനില കൂടുതലാണെങ്കില്‍ തലച്ചോറിന്റെ താപനില കൂടുതലാണ്. ഈ സമയങ്ങളില്‍ നാം കോട്ടുവായ ഇടുന്നു. വിട്ടുമാറാത്ത വൃക്കരോഗം പോലുള്ള ചില അവസ്ഥകളും കോട്ടുവായക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ തന്നെ കോട്ടുവായ എന്നത് പലപ്പോഴും ഉറക്കത്തിന്റെ മാത്രം പ്രശ്നമല്ല, മറ്റ് പല വൈകല്യങ്ങളുടെയും ലക്ഷണം കൂടിയാണ്. അമിതമായി കോട്ടുവായ ഇടുന്നവരാണെങ്കില്‍ ഒരു സ്ലീപ്പ് ഡിസോര്‍ഡര്‍ സ്പെഷ്യലിസ്റ്റിനെ കാണുന്നത് നല്ലതായിരിക്കും.