മാഹി: ലോക ഫുട്ബോൾ മത്സരത്തിൽ ഫ്രഞ്ച് ടീം കരുത്ത് കാട്ടുകയും ആവേശത്തിരയിളക്കുകയും ചെയ്തപ്പോൾ, കടലിനിപ്പുറം പഴയ ഫ്രഞ്ച് കോളനിയായ മാഹിയിലും ആവേശത്തിൻ്റെ അലയൊലികളുയർന്നു.ഫ്രഞ്ച് ഫുട്ബോൾ ടീമിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും മയ്യഴിയിലെങ്ങും ഉയർന്നിട്ടുണ്ട്.
ദശകങ്ങളായി ദേശീയ ഫുട്ബാൾ ടൂർണ്ണമെൻ്റുകൾ തുടർച്ചയായി നടത്തി വരുന്ന മയ്യഴിയിൽ ,ദേശീയ ശ്രദ്ധയാകർഷിച്ച കുട്ടികളുടെ ഫുട്ബാൾ പരിശീലനക്കളരി വർഷങ്ങളായി മുടക്കമില്ലാതെ നടത്തി വരികയുമാണ്. ഒട്ടേറെ ദേശീയ താരങ്ങളേയും ഈ മൈതാനം സംഭാവന ചെയ്തിട്ടുമുണ്ട്.
ഇവിടെഫുട്ബാൾ ജ്വരം തലമുറകളിലൂടെ പുതു തലമുറക്ക് പകർന്നു കിട്ടിയതാണ്. മയ്യഴി മൈതാനിയായ പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്ക് ഫ്രഞ്ചു ഭരണകാലത്ത് ഏറെ പ്രോത്സാഹനം നൽകപ്പെട്ടിരുന്നു.233 വർഷക്കാലം ഫ്രഞ്ച് ഭരണത്തിലായിരുന്ന മയ്യഴിയിൽ ഇന്നും ഫ്രഞ്ചുകാരുടെ ഹരമായിരുന്ന ഫുട്ബാളിനോട് വല്ലാത്തൊരു ആവേശമാണ്.മാഹി ടൗണിൽ വ്യാപകമായി ഫ്രഞ്ച് ഭാഷയിൽ അഭിവാദ്യം ചെയ്തുള്ള പ്രഞ്ചനുകൂല ബാനറുകളും കട്ടൗട്ടുകളും ഇടം പിടിച്ചിരിക്കുകയാണ്.