വൈദ്യുതിലൈനില്‍ വയര്‍ ഘടിപ്പിച്ച്‌ മീന്‍പിടിത്തം; മൂന്നംഗ സംഘം പിടിയില്‍

TalkToday

Calicut

Last updated on Mar 7, 2023

Posted on Mar 7, 2023

ഇരിട്ടി: മലയോരം കേന്ദ്രീകരിച്ച്‌ വൈദ്യുതി ലൈനില്‍ വയര്‍ ഘടിപ്പിച്ചു മീന്‍പിടിത്തം സജീവം. കഴിഞ്ഞ ദിവസം ബാരാപോള്‍ പുഴയില്‍ വൈദ്യുതി ലൈനില്‍ വയര്‍ ഘടിപ്പിച്ചു മീന്‍ പിടിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി കൈമാറിയ മൂന്നംഗ സംഘത്തില്‍ നിന്ന് കെ.എസ്.ഇ.ബി 11,875 രൂപ പിഴ ഈടാക്കി.

വാണിയപ്പാറ സ്വദേശികളായ ബിനോയി, സുബിന്‍, അഭിലാഷ് എന്നിവരില്‍ നിന്നാണ് അസസ്സിങ് ഓഫിസറായ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. അല്‍ക്കാസ് പിഴ ചുമത്തിയത്.

ബാരാപോള്‍ ജലവൈദ്യുതി പദ്ധതി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പുഴയില്‍ പാലത്തിന്‍കടവ് ഭാഗത്ത് ഞായറാഴ്ച രാത്രി മീന്‍പിടിക്കുന്നതിനിടെയാണ് നാട്ടുകാര്‍ സംഘത്തെ പിടികൂടുന്നത്. സമീപത്തെ വൈദ്യുതി ലൈനില്‍ വയര്‍ ഘടിപ്പിച്ചു പുഴയിലേക്കു നേരേ ഇട്ട നിലയിലായിരുന്നെന്ന് അയ്യന്‍കുന്ന് പഞ്ചായത്ത് പാലത്തിന്‍കടവ് വാര്‍ഡ് അംഗം കൂടിയായ ബിജോയി പ്ലാത്തോട്ടം പറഞ്ഞു.

നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവെച്ചു പൊലീസിലും കെ.എസ്.ഇ.ബിയിലും അറിയിച്ചു. വള്ളിത്തോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ.ജെ.മേരിയുടെ നേതൃത്വത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിട്ടി പൊലീസും സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു.

വൈദ്യുതാഘാതമേറ്റ് 40 കിലോയിലധികം മീന്‍ ചത്തതായി നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതി ലൈനില്‍ നിന്നു നേരിട്ട് വൈദ്യുതി പ്രവഹിപ്പിച്ചാല്‍ പുഴയില്‍ നിര്‍ദിഷ്ട പ്രദേശത്തുള്ള കുഞ്ഞുമീനുകള്‍ അടക്കം സകല ജീവജാലങ്ങളും ചാകും. ഇന്നലെ പുഴയില്‍ നിരവധി കുഞ്ഞുമീനുകളാണ് ചത്തു പൊങ്ങിയത്.

ബാരാപോള്‍ പുഴയില്‍ കനാലിലേക്ക് വെള്ളം ഒഴുക്കി വിടുന്ന ട്രഞ്ച് വിയറിന് മുകളിലായാണ് മീന്‍പിടിത്തം. കൊടുചൂടില്‍ താഴോട്ട് നീരൊഴുക്കു തീരെ കുറഞ്ഞതിനാല്‍ ഇവിടെ ധാരാളം മീനുകള്‍ ഉണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി സംഘങ്ങളാണ് മീന്‍പിടിത്തത്തിന് എത്തുന്നത്.

നഞ്ച് (തുരിശു ചേര്‍ന്ന മിശ്രിതം) കലക്കിയാണ് പുറമേ നിന്നെത്തുന്ന സംഘങ്ങളുടെ മീന്‍പിടിത്തം എന്നാണ് നാട്ടുകാരുടെ പരാതി. പുഴയില്‍ കുഞ്ഞുമീനുകള്‍ ചത്തുപൊന്തുന്ന കാഴ്ച സ്ഥിരമായതോടെ നാട്ടുകാര്‍ പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു പ്രതിരോധം തീര്‍ക്കുന്നുണ്ട്.

ഇന്നലെ പയ്യാവൂര്‍, ഉളിക്കല്‍, കീഴ്പ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയ എട്ടു സംഘങ്ങളെ നാട്ടുകാര്‍ മടക്കിവിട്ടിരുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രദേശത്ത് കുടിവെള്ള വിതാനത്തെ അടക്കം ബാധിക്കുന്ന ബാരാപുഴയില്‍ അനധികൃത മീന്‍ ഖനനം അനുവദിക്കില്ലെന്നു പുഴ സംരംക്ഷണ സമിതി അറിയിച്ചു.

മീന്‍പിടിത്തം നടന്ന കടവിന് സമീപത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പുഴയില്‍ ഇറങ്ങിയപ്പോള്‍ ചൊറിച്ചിലും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതായും സമിതി ചൂണ്ടിക്കാട്ടി. വാര്‍ഡ് അംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്ബള്ളിക്കുന്നേല്‍, സെക്രട്ടറി ഇ.വി.വേണുഗോപാല്‍ എന്നിവര്‍ പുഴക്കടവ് സന്ദര്‍ശിച്ചു.

മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും നഞ്ച് കലക്കിയുള്ള മീന്‍പിടിത്തത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യത്തിന് അപായമുണ്ടാക്കുന്നവിധം വെള്ളം മലിനമാക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുമെന്ന് ഇരിട്ടി സി.ഐ കെ.ജെ. വിനോയ് അറിയിച്ചു.


Share on

Tags