തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. 3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.3000 മീറ്റര്‍ ഓട്ടമത്സരം സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോട്ടയത്തെ ദേവിക ബെന്നും സ്വര്‍ണ്ണം കരസ്ഥമാക്കി.
രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍ ഓട്ടമത്സത്തോടെയാണ് കായിക മേള ആരംഭിച്ചത്. ചൊവ്വാഴ്ച്ച വരെ നീളുന്ന കായികമേളയില്‍ ആകെ മത്സരരംഗത്തുള്ളത് 2737 താരങ്ങളാണ്. ചന്ദ്രശേഖര്‍ നായര്‍, യൂണിവേഴ്സിറ്റി സ്റ്റേഡിയങ്ങളില്‍ രാത്രിയിലും പകലുമായി 98 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇന്നൊഴികെ ബാക്കി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെ മത്സരങ്ങള്‍ ഉണ്ടാകും. വൈകിട്ട് മുഖ്യമന്ത്രിയാണ് മേള ഒദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. ദീപശിഖാ റാലിക്ക് ശേഷം മുന്‍ സ്‌കൂള്‍മീറ്റ് താരം ഒളിമ്ബ്യന്‍ മുഹമ്മദ് അനസ് യഹിയ മീറ്റിന് ദീപം തെളിക്കും.