പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി ഫിൻലാൻഡ് സഹകരണം: മന്ത്രിതല കൂടിക്കാഴ്ച ഇന്ന്

TalkToday

Calicut

Last updated on Jan 25, 2023

Posted on Jan 25, 2023

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരുമായി അക്കാദമി സഹകരണ വാഗ്ദാനം ചെയ്ത് ഫിന്നിഷ് വിദ്യാഭ്യാസ സംഘം . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ഇന്ന് മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരെ ഫിന്നിഷ് സംഘം സന്ദർശിക്കും.

പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ അറിയുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി ഫിന്നിഷ് സംഘം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുമായി കൂടിക്കാഴ്ച നടത്തും.
ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് സംഘവുമായി മുഖ്യമന്ത്രി , പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കഴിഞ്ഞ ഡിസംബറിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർ പ്രവർത്തനമായാണ് രണ്ടാമത്തെ സംഘം എത്തിയിരിക്കുന്നത്. അധ്യാപകർക്ക് നൽകിവരുന്ന പരിശീലനം , ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, ശാസ്ത്രം, ഗണിതം, അക്കാദമിക നിലവാരം ഉയർത്തുന്ന പാഠ്യപദ്ധതി പ്രവർത്തനങ്ങൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ സെമിനാറിൽ ഫിൻലാൻഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു.

ഫിന്നിഷ് നാഷണൽ എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കി വരുന്ന നിരവധി മാതൃകകൾ കേരള മോഡൽ പ്രവർത്തനങ്ങളുടേതിന് സമാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു . ഫിന്നിഷ്‌ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും യൂണിവേഴ്സിറ്റി ഓഫ് ഹേൽ സിംഘിയിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളുമായ പ്രൊഫ. ടാപ്പിയോ ലേഹ്തേരോ , റീക്കാ ഹേ ലീക്കാ, മിന്നാ സാദേ തുടങ്ങിയവരും യൂണിവേഴ്സിറ്റി ഓഫ്‌ ഹെൽ സിംഘിയുടെ ലയ്സൺ ഓഫീസറും മലയാളിയുമായ ഉണ്ണികൃഷ്ണൻ ശ്രീധര കുറുപ്പ് എന്നിവരുമായിട്ടായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് ന്റെ നേതൃത്വത്തിൽ ചർച്ച നടന്നത്. . കുട്ടികളിൽ മൂന്ന് വയസ്സു മുതൽ ഒൻപത് വയസുവരെ മാത്രം പ്രത്യേകായി നടപ്പിലാക്കേണ്ട അക്കാദമികേതര പ്രവർത്തനങ്ങളും ,പ്രീ-പ്രൈമറി വിദ്യാഭ്യാസ കാഴ്ചപ്പാടുകളും സെമിനാറിൽ ദീർഘമായി ചർച്ച ചെയ്യപ്പെട്ടു. ഫിൻലാൻഡിൽ അധ്യാപകർക്ക് നൽകുന്ന പ്രത്യേക പരിശീലനങ്ങളെ സംബന്ധിച്ചും കുട്ടികളുടെ രക്ഷിതാക്കളുമായുള്ള ഫിന്നിഷ് വിദ്യാഭ്യാസ ബോർഡിന്റെ ബന്ധത്തെക്കുറിച്ചും അവതരണം ഉണ്ടായി. സമഗ്ര ശിക്ഷ കേരളം വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശാസ്ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ നിരവധി പദ്ധതി പ്രവർത്തനങ്ങളുടേയും കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും പ്രത്യേക അവതരണം നടന്നു.

സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ.ആർ സുപ്രിയ പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര ശിക്ഷാ കേരളയുടെ പ്രത്യേക ഇടപെടൽ മേഖലകൾ, പ്രവർത്തനങ്ങൾ വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് ,എസ് ഇ ആർ ടി ഡയറക്ടർ ഡോ . ജയപ്രകാശ് ആർ. കെ , വിദ്യാഭ്യാസ വിദഗ്‌ധൻ ഡോ.സി.രാമകൃഷ്ണൻ , അഡീഷണൽ ഡയറക്ടർമാരായ ഷിബു ആർ.എസ് , ശ്രീകല എസ് , സ്റ്റാർസ് പ്രോജക്ട് കൺസൾട്ടന്റ് സി. രാധാകൃഷ്ണൻ നായർ , എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ രാജേഷ് എസ് വള്ളിക്കോട് , സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.


Share on

Tags