കോഴിക്കോട്: മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വരുന്ന കലോത്സവത്തില്‍ വിധികര്‍ത്താക്കളില്‍ തലമുറമാറ്റത്തിന് തുടക്കമിട്ടു. വിവിധ ഇനങ്ങളില്‍ 25 മുതല്‍ 40 ശതമാനംവരെ വിധികര്‍ത്താക്കളെ മാറ്റി പുതിയവരെ കൊണ്ടുവന്നു. ഏതാനുംമാസങ്ങളായി ഇതിന്റെ നടപടികള്‍ നടന്നുവരുകയായിരുന്നു.
ഒരേസമയം കലാരംഗത്തെ പ്രകടനവും അക്കാദമികയോഗ്യതയും പരിഗണിച്ച് വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ് രീതി പരിഷ്‌കരിക്കാന്‍ 2019-ല്‍ തീരുമാനിച്ചിരുന്നു.ആരോപണവിധേയരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നാണ് വകുപ്പ് പറയുന്നത്. പുതിയവരെ തിരഞ്ഞെടുക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേതൃത്വംനല്‍കുന്ന സമിതിയെ ചുമതലപ്പെടുത്തി. വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഈ സമിതിയുടെ കീഴിലായിരുന്നു. ഈ മേളയിലും വിധികര്‍ത്താക്കളുടെ മൊബൈല്‍ഫോണുകള്‍ വിജിലന്‍സ്, പോലീസ് നിരീക്ഷണത്തിലാകും. സംശയകരമായ കോളുകള്‍ പരിശോധിക്കും. സംശയംതോന്നിയാല്‍ ആളെ ഒഴിവാക്കും.