ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും : മുഖ്യമന്ത്രി

Jotsna Rajan

Calicut

Last updated on Dec 12, 2022

Posted on Dec 12, 2022

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ദ്ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കല്‍ ഉന്നതതല യോഗം ചേര്‍ന്ന് അവലോകനം നടത്തും.

യോഗത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share on

Tags